ബോണസ് നല്‍കിയില്ല, ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ വൈകിയത് എയര്‍ഇന്ത്യയുടെ 16 വിമാനങ്ങള്‍

0

മുംബൈ: ദീപാവലി ബോണസ് നല്‍കാത്തതിന് മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക്. ബോണസ് ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികള്‍ സമരത്തിലേക്ക് മാറിയതോടെ വൈകിയോടിയത് 16 ഓളം വിമാന സര്‍വ്വീസുകള്‍. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജോലികഴിഞ്ഞു പോയ സ്ഥിരജീവനക്കാരെ തിരിച്ചെത്തിച്ചാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്.

മൂന്നു മണിക്കൂറോളമാണ് പത്തോളം ആഭ്യന്തര സര്‍വീസുകളും മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകിയതായി എയര്‍ ഇന്ത്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ പതിനാറ് സര്‍വീസുകള്‍ വൈകിയെന്ന് മുംബൈ വിമാനത്താവള വക്താവ് പറയുന്നു.

ദീപാവലിയോടനുബന്ധിച്ച് കരാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയില്ലെന്ന കാരണത്താലാണ് ബുധനാഴ്ച രാത്രി മുതല്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്. എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ കരാര്‍ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. കരാര്‍ ജീവനക്കാരുള്‍പ്പെടെ അയ്യായിരത്തോളം ജീവനക്കാര്‍ ഈ സ്ഥാപനത്തിനുണ്ട്. വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് ഇതിലെ ജീവനക്കാര്‍ നല്‍കുന്നത്. സര്‍വീസുകള്‍ വൈകിയതില്‍ യാത്രക്കാര്‍ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here