ഡല്‍ഹി: ചരിത്രത്തിലേക്ക് പറന്നിറങ്ങി എയര്‍ ഇന്ത്യയുടെ ‘കേരള’ ബോയിങ് 777 200 ലോങ് റേഞ്ച് വിമാനം. എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യത്തെ സര്‍വീസ്, വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ എന്നീ സവിശേഷതകള്‍ ഇനി ഈ വിമാനത്തിന് സ്വന്തം. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ബംഗലൂരു വിമാനത്താവളത്തിലേക്ക് ചരിത്രം കുറിച്ച് പറന്നിറങ്ങിയ വിമാനത്തെ ആകാശങ്ങളില്‍ നിയന്ത്രിച്ച വനിതാ വൈമാനികരായ സോയ അഗര്‍വാള്‍, പാപാഗിരി തന്മയി, അകാക്ഷ സോനവാരെ, ശിവാനി മാനസ് എന്നിവരെ പ്രശംസ കൊണ്ട് മൂടുകയാണ് രാജ്യം. പതിനാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന യാത്രയില്‍ ഫ്ലൈറ്റ് സേഫ്റ്റി എക്സിക്യൂട്ടീവും ഒരു വനിതയായിരുന്നു. നിവേദിത ഭാസിനായിരുന്നു ആ ചുമതല.
ആഘോഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു വിമാനം സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്നും യാത്ര ആരംഭിച്ചത്. വിമാനത്തിന്റെ കോക്പിറ്റ് സംഘത്തെ അഭിനന്ദിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. നമ്മുടെ നാരീശക്തി ചരിത്രം കുറിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആകെ 248 പേരാണ് വിമാനത്തില്‍ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയര്‍ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം ഇന്ന് മുഴുവന്‍ പുരുഷ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.