പുതിയ കാർഷികനിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്താൻ; സാമൂഹ്യ സുരക്ഷാ വലയം ആവശ്യം’: ഐഎംഎഫ്ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്

ഇന്ത്യ അടുത്തിടെ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്തുമെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. അതേസമയം, ദുർബലരായ കർഷകർക്ക് ഒരു സാമൂഹിക സുരക്ഷാ വലയം ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ പരിഷ്കാരങ്ങൾ ആവശ്യമുള്ള നിരവധി മേഖലകളുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ, ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് രാജ്യത്ത് എവിടെയും ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്ന കാർഷിക മേഖലയിലെ പ്രധാന പരിഷ്കരണമായാണ് ഇന്ത്യൻ ഗവൺമെന്റ് കാണുന്നത്.

ഈ കാർഷിക നിയമങ്ങൾ വിപണന മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് കർഷകരുടെ വിപണി വിശാലമാക്കുന്നു. നികുതി നൽകാതെ മാണ്ഡികൾക്ക് പുറമെ ഒന്നിലധികം ഔട്ട്‌ലെറ്റുകളിൽ വിൽക്കാൻ അവസരം നൽകുന്നു. ഇത് കർഷകരുടെ വരുമാനം ഉയർത്താൻ പ്രാപ്തമാണ്. അതായത്, പുതിയ പരിഷ്കരണം നടപ്പാക്കുമ്പോഴെല്ലാം അതിന്റേതായ പരിവർത്തന ചെലവുകൾ ഉണ്ട്. അത് സാമൂഹ്യ സുരക്ഷാ വലയം ഉറപ്പുവരുത്താനും ദുർബലരായ കർഷകർക്ക് ദോഷകരമാകില്ലെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. ഈ വിഷയത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണ്. ഇതിനുശേഷം എന്താണ് സംഭവിക്കുകയാണെ്ന് നമുക്ക് കാണാം- കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ മറുപടി പറഞ്ഞു.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) നിയമപരമായ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ ആയിരക്കണക്കിന് കർഷകർ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഡൽഹി അതിർത്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ നവംബർ 28 മുതൽ തമ്പടിച്ചിരിക്കുകയാണ്. സർക്കാറും കർഷക നേതാക്കളും തമ്മിൽ 11 വട്ടം ചർച്ചകൾ നടന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ഏറ്റവും അവസാനം നടന്ന ചർച്ചയിൽ, കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ 1-1.5 വർഷത്തേക്ക് നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാമെന്നും പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഒരു സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ, കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങൾ പൂർണ്ണമായി റദ്ദാക്കണമെന്നും മിനിമം താങ്ങുവില നിയമം മുഖേന ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും കർഷകർ പറയുന്നു.

41 കർഷക യൂണിയനുകളുടെ സംയുക്ത സമിതിയാണ് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഡൽഹിയിലെ പല അതിർത്തി പ്രദേശങ്ങളിലും നേതൃത്വം നൽകുന്നത്. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന കർഷക യൂണിയനുകളുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്ന ട്രാക്ടർ പരേഡ് അക്രമാസക്തമായിരുന്നു. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ ഒരു വിഭാഗം ചെങ്കോട്ടയിൽ പ്രവേശിക്കുകയും ചരിത്ര സ്മാരകമായ ചെങ്കോട്ടയിൽ മതപതാക ഉയർത്തുകയും ചെയ്തിരുന്നു.

‌ട്രാക്ടർ പരേഡിനിടെ തങ്ങളുടെ സമാധാനപരമായ സമരത്തിലേക്ക് ചില സാമൂഹ്യ വിരുദ്ധർ നുഴഞ്ഞു കയറിയെന്നാണ് സംയുക്ത കിസാൻ മോർച്ച ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here