വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം’ ; എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രീംകോടതിയിൽ

ഡൽഹി: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന്  സുപ്രീം കോടതിയോട് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നതായി അപേക്ഷയിൽ ആരോപിക്കുന്നു. സർക്കാർ സംവിധാനം ഉപയോഗിച്ച് ശിവശങ്കൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇ ഡി ആരോപിക്കുന്നു.

സ്വർണ്ണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ സ്വപ്നയുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മൊഴി നൽകിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന് സ്വപ്ന തന്നെ മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സമ്മർദ്ദം ചെലുത്തി അന്വേഷണം അട്ടിമറിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ശിവശങ്കർ ജാമ്യത്തിൽ തുടർന്നു കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്യിക്കുന്നതെന്നും അപേക്ഷയിൽ പറയുന്നു.

ഡൽഹി എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ ആണ് സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. നേരത്തെ ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. ഇ ഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി ശിവശങ്കറിന് നോട്ടിസ് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇ ഡി വീണ്ടും കോടതിയിൽ അപേക്ഷ നൽകിയത്.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചായിരുന്നു നേരത്തെ ഹർജി പരിഗണിച്ചത്. തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ശിവശങ്കറുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്നും എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കം മൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരി 3 നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ജയില്‍ മോചിതനായത്.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നിർബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here