ഡല്‍ഹി: മരടിനു പിന്നാലെ ചിലവന്നൂരിലെ തീരദേശ പരിപാലന നിയമ ലംഘനവും സുപ്രീം കോടതിക്കു മുന്നിലെത്തി. ചിലവന്നൂരിലെ തീരദേശ നിയമലംഘനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനടക്കം കോടതി നോട്ടീസ് അയച്ചു.

ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളില്‍ 2015 ലാണ് വിജിലന്‍സ് അന്വേഷണം ഉണ്ടായത്. പത്ത് അപ്പാര്‍ട്‌മെന്റുകളും മൂന്ന് കെട്ടിടങ്ങളും ഉള്‍പ്പടെ ചിലവന്നൂരില്‍ 13 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണ് വിജിലന്‍സ് അന്വേഷണമുണ്ടായത്. വിരമിച്ചവരും സര്‍വ്വീസില്‍ ഉള്ളവരുമായ 14 പേര്‍ക്കെതിരേ ചിലവന്നൂര്‍ സ്വദേശി ആന്റണി എ വിയാണ് വിജിലന്‍സിനെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പായി കെട്ടിട നിര്‍മ്മാതാവ് സിറിള്‍ പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.

ഹൈക്കോടതി വിധിക്കെതിരെ എ.വി ആന്റണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്മാരായ നവീന്‍ സിന്‍ഹ, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത്. മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കൊപ്പം അംഗമായിരുന്നു കേസ് പരിഗണിക്കുന്ന ജസ്റ്റിസ് നവീന്‍ സിന്‍ഹ.

LEAVE A REPLY

Please enter your comment!
Please enter your name here