പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. രണ്ടും ബന്ധിപ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്.

1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയെ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.

ഇന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1,000 രൂപ പിഴയ്ക്ക് പുറമെ പാൻ കാർഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പാസാക്കിയ ഫിനാൻഷ്യൽ ബിൽ 2021 ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്.

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്‍പ്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസം നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here