കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക ‘സ്നേഹ സംഭാവന’ ലക്ഷങ്ങളായി അക്കൗണ്ടിലേക്ക് ഒഴുകുന്നു. 15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസംവരെ രാജുവിന്റെ അക്കൗണ്ടില്‍ എത്തി. ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയ രാജു ലക്ഷങ്ങള്‍ അക്കൗണ്ടില്‍ വന്നത് കണ്ട് അന്തംവിട്ടു.

പയസ് ടെന്‍ത് കോണ്‍വെന്റില്‍ മോഷണത്തിന് കയറിയപ്പോള്‍ പ്രതികളെ കണ്ടുവെന്ന മൊഴി മാറ്റി പറയുന്നതിന് ലക്ഷങ്ങള്‍ സഭാ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്നപ്പോള്‍, മോഷണ ശ്രമത്തിനിടെ അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ക്രൂര മര്‍ദ്ദനവും ഉണ്ടായി. പ്രമുഖ അഭിഭാഷകന്‍ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും അഭയയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ മോഷണ ശ്രമത്തിനിടയില്‍ വൈദികരെ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയില്‍ രാജു ഉറച്ചു നില്‍ക്കുകയായിരുന്നു.

അഭയയെ കൊന്നുവെന്ന് ഏറ്റാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്ന രാജു ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി കഴിയുന്നുവെന്ന വാര്‍ത്തക്കൊപ്പം മാദ്ധ്യമങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്ബരും കൊടുത്തിരുന്നു.രണ്ടു പെണ്‍മക്കള്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു പോയിരുന്നു. പത്ര വാര്‍ത്തയെ തുടര്‍ന്നു അവരും വീട്ടിലെത്തിയതോടെ നാട്ടിലെ താരമായി ഫുള്‍ ഹാപ്പിയിലാണ് രാജു. ഇപ്പോഴും രാജു പറയുന്നത്: “എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി ” .

LEAVE A REPLY

Please enter your comment!
Please enter your name here