‘അമ്മ’യ്ക്ക് വിളി തുടരുന്നു; മോഹന്‍ലാലിനും വിമര്‍ശനം, നേതൃത്വത്തിലും പുകച്ചില്‍

0

കൊച്ചി: നടിമാരുടെ രാജിയിലൂടെ രൂക്ഷമായ അമ്മയിലെ പ്രതിസന്ധി ആളിക്കത്തിച്ച് സോഷ്യല്‍ മീഡിയയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും രംഗത്ത്. ആക്രമങ്ങളുടെ മുന മോഹന്‍ലാലിനു നേരെ തിരിഞ്ഞതോടെ മാധ്യമങ്ങളോടു മൗനം പാലിക്കുന്ന അമ്മ നേതൃത്വത്തിനുള്ളിലും വീര്‍പ്പുമുട്ടല്‍.

അമ്മയുടെ വലയത്തില്‍ നിന്നു പുറത്തുവന്ന നടിമാരെ അഭിനന്ദിച്ചും പിന്തുണച്ചും രാഷ്ട്രീയ നേതാക്കളും സംഘടനകളും കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രതികരിക്കാന്‍ അമ്മാ ഭാരവാഹികള്‍ തയറായിരുന്നില്ല. അമ്മ ഭാരവാഹിത്വത്തിലെ ഇടതു ജനപ്രതിനിധികളുടെ സാന്നിധ്യം സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നടിമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പിന്നാലെ അമ്മയെ രൂക്ഷമായി വിര്‍ശിച്ച് വനിതാ മന്ത്രിമാരും മന്ത്രി തോമസ് ഐസക്കും മറ്റു നേതാക്കളും. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്നതിനു മുന്പ്, താരസംഘടന എങ്ങനെയാണ് നിരപരാധിയെന്ന മുന്‍വിധിയോടു കൂടി ആരോപിതനായ നടന് അനുകൂലമായ നിലപാടെടുക്കുന്നതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തോമസ് ഐസക് ചോദിക്കുന്നു. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അമ്മ സ്വയം വിമര്‍ശനത്തിനും തെറ്റു തിരുത്തലിനും തയാറാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായി തന്നെ പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി അമ്മ സംഘടന ഒന്നും ചെയ്തിട്ടില്ല. മോഹല്‍ ലാലിനെ പോലുള്ള വ്യക്തിയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്. ഇടതു പക്ഷ എം.എല്‍.എമാര്‍ പോയും ഇക്കാര്യത്തില്‍ നിലപാട് എടുത്തില്ല. ഇവരില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തത്തോട് ഉത്തരവാദിത്വമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞുവച്ചു.

വിമര്‍ശനങ്ങള്‍ക്ക് കാഠിന്യം കൂടി തുടങ്ങിയതോടെ അമ്മ നേതൃത്വം പ്രതിരോധത്തിലാണ്. മൗനം തുടരാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ, അടിയന്തരമായ കൂടിയാലോചനകള്‍ സംഘടനയ്ക്കുള്ളില്‍ തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പുതിയ ഭാരവാഹികള്‍ അനൗദ്യോഗിക യോഗം ചേരുന്നതും ആലോചിക്കുന്നുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ നേരിട്ട് വിമര്‍ശിക്കപ്പെട്ടു തുടങ്ങിയതോടെയാണിത്.

അതിനിടെ, പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ലെങ്കിലും നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് നടന്‍ ദിലീപ്. പരാതി കിട്ടിയിരുന്നെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. പുറത്താക്കിയതോ തിരിച്ചെടുത്തതോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും ദിലീപിനൊപ്പമുള്ളവര്‍ വിശദീകരിക്കുന്നു. നടനും എം.എല്‍.എമാരുമായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ മൗനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here