കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. നാളെ വിപിൻ ലാലിനെ കോടതിയിൽ ഹാജരാക്കണം. രേഖകളുമായി ഹാജരാകാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനും നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിപിൻലാൽ ജാമ്യം എടുക്കാതെ ജയിൽ മോചിതനായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ കോടതിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച രേഖകളുമായി ജയിൽ സൂപ്രണ്ടും നാളെ ഹാജരാകണം. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വിപിൻ ലാലിനെ വീണ്ടും ജയിലിലേക്ക് അയയ്ക്കാനാണ് സാധ്യത. രേഖകൾ പരിശോധിക്കാതെ വിപിൻ ലാലിനെ വിട്ടയച്ച ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കും സാധ്യതയുണ്ട്.

ജാമ്യം എടുക്കാതെ എങ്ങനെ ജയിൽ മോചിതനായെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. സംഭവത്തിൽ അപൂർണമായ റിപ്പോർട്ട് നൽകിയ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തിരുന്നു. കേസിൽ മാപ്പുസാക്ഷിയാക്കിയെങ്കിലും വിപിൻ ലാൽ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലിൽ തന്നെ പാർപ്പിക്കാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ നേരത്തെയുള്ള മറ്റൊരു കേസിൽ വിപിൻ ലാലിന് ജാമ്യം ലഭിച്ചപ്പോൾ 2018ൽ വിയ്യൂർ ജയിൽ അധികൃതർ ഇയാളെ മോചിപ്പിച്ചു.

വിപിൻ ലാലിന്റെ പരാതിയിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ രേഖകൾ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ കോടതി നടത്തിയ പരിശോധനയിലാണ് വിപിൻ ലാലിന് ജാമ്യം നൽകിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ കോടതി വിളിച്ചുവരുത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് കോടതി ജയിൽ സൂപ്രണ്ടിനെ ശകാരിച്ചത്.

വിപിൻ ലാൽ വിഷയത്തിൽ പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ കേസിൽ കോടതിക്ക് മുന്നിലുള്ള ഹർജികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്ന് പുതിയ പ്രോസിക്യൂട്ടർ അനിൽകുമാർ കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ വേഗത്തിലാക്കാൻ ശനിയാഴ്ചകളിലടക്കം പ്രവർത്തിക്കാമെന്ന് കോടതിയും അറിയിച്ചിട്ടുണ്ട്. ഈ മാസം 21 മുതൽ കേസിലെ വിചാരണ പുനരാരംഭിക്കും. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്റെ പരാതിയും കോടതി അന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here