നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം, മഞ്ജു വാര്യര്‍ സാക്ഷി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി.

നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരായ അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിപ്പിച്ചു. . രണ്ടു മാപ്പുസാക്ഷികളെ അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റപത്രത്തില്‍ 11 പ്രതികളുണ്ട്.  ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ജയിലില്‍ നിന്ന് സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ജയിലിലുണ്ടായിരുന്ന പോലീസുകാരന്‍ എന്നിവര്‍ മാപ്പു സാക്ഷിയാകും. ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന. ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ.  650 ഓളം പേജുകളുള്ള കുറ്റപത്രത്തില്‍ സിനിമാ മേഖലയിൽ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമർപ്പിച്ചത്.

20 വര്‍ഷം വരെ തടവോ ജീവപര്യന്തമോ കിട്ടാവുന്ന കൂട്ടബാലാത്സംഗ കുറ്റം, ആറു വര്‍ഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തട്ടികൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here