പൊട്ടിച്ചത് ഏഴു ലക്ഷത്തിന്റെ പടക്കങ്ങള്‍, പരിശോധനകള്‍ തുടരുന്നു, മരണം 110 ആയി

0

paravoor prathikalകൊല്ലം: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിന് വഴിവെച്ച പുറ്റിങ്ങില്‍ ക്ഷേത്രത്തില്‍ രണ്ടു കരാറുകാരും ചേര്‍ന്ന് കത്തിച്ചത് ഏഴുലക്ഷം രൂപയുടെ പടക്കങ്ങള്‍. മത്സര വെടിക്കെട്ട് നടത്തിയില്ലെന്നും പോലീസില്‍ കീഴടങ്ങിയ ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കി.

മത്സരവെടിക്കെട്ട് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി ലഭിക്കാഞ്ഞതിനാല്‍ ആശയക്കുഴപ്പം ഉണ്ടായി. തുടര്‍ന്ന് ക്ഷേത്രാചാരങ്ങള്‍ പ്രകാരമുള്ള വെടിക്കെട്ടാണ് ഉദ്ദേശിച്ചിരുന്നത്. നാട്ടുകാര്‍ക്കും മറ്റും മത്സരക്കമ്പം നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇത് നടത്താതിരിക്കുന്നത് ശരിയല്ലെന്ന് ക്ഷേത്രഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമാകുകയും ഇതേതുടര്‍ന്ന് മത്സരക്കമ്പമാണ് നടക്കുന്നത് എന്ന് മൈക്കിലൂടെ വിളിച്ചു പറയാതിരിക്കുകയുമായിരുന്നു.

ഏഴ് ഭാരവാഹികളാണ് നിലവില്‍ കീഴടങ്ങിയിരിക്കുന്നത്. വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോകുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് തുടരുകയാണ്.

അതേസമയം, കഴക്കൂട്ടം സുരേന്ദ്രനും സംഘവും എത്തിയ വാഹനങ്ങളില്‍ പടക്കം നിറച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നതില്‍ ഒന്നിന്റേത് വ്യാജ നമ്പറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കമ്പം നടന്നതെന്ന് സ്ഥലത്തെത്തിയ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗത്തിന്റെ അടക്കമുള്ള പരിശോധനകള്‍ സ്ഥലത്ത് തുടരുകയാണ്.

അതിനിടെ, അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കഴക്കൂട്ടം സ്വദേശി സത്യന്‍ (55) മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 110 ആയി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here