ആദ്യ തീരുമാനം: ജിഷയുടെ മരണം അന്വേഷിക്കാന്‍ വനിതാ ഉദ്യോഗസ്ഥ

0

തിരുവനന്തപുരം: ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം. ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ ഇടപെടല്‍… പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിന്റെ തീരുമാനങ്ങള്‍ ഇവയൊക്കെയാണ്. സുപ്രധാനമായ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. മദ്യനയത്തില്‍ തൊടാതെ ബീഫ് നിരോധനം കേരളത്തിലുണ്ടാകില്ലെന്ന സൂചനനല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അവതരിപ്പിച്ചത്.

ജിഷയുടെ മരണം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള ടീം അന്വേഷിക്കും. ജിഷയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനായി വീട്‌നിര്‍മ്മാണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. ജിഷയുടെ സഹോദരിക്ക് ജോലി ഉടന്‍ നല്‍കും. ഇതോടൊപ്പം ജിഷയുടെ അമ്മയ്ക്ക് മറ്റ് വീടുകളില്‍ ജോലിക്ക് പോകുന്നത് ഒഴിവാക്കാന്‍ മാസം 5000 രൂപ പെന്‍ഷന്‍ നല്‍കും.

കേരളത്തില്‍ അപ്രഖ്യാപിത നിയമനനിരോധനമെന്ന പരാതിക്ക് കാരണം ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണെന്ന് ആദ്യ മന്ത്രിസഭാ യോഗം വിലയിരുത്തി. പത്തു ദിവസത്തനുള്ളില്‍ എല്ലാ വകുപ്പുകളിലേയും ഒഴിവു റിപ്പോര്‍ട്ട് ചെയ്യണം. അതില്‍ ഉണ്ടാകുന്ന പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറി തലത്തില്‍ മോണിട്ടറിംഗ് നടത്തും. ഇതോടൊപ്പം ചില വകുപ്പുകളില്‍ നിലവില്‍ പിഎസ്സി ഇല്ലാത്തത്തിനാല്‍ അവിടെയും എത്ര ഒഴിവ് ഉണ്ടെന്ന് കണക്കാക്കി അതു തിട്ടപ്പെടുത്തും.

കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതൃതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കും. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സിവില്‍ സപ്ലൈ ഓഫീസ് അടക്കമുള്ള പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തും. 75 കോടിയാണ് മുമ്പ് ബജറ്റില്‍ വകയിരുന്നതിയിരുന്നത്. ഇത് ഇരട്ടിയാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കും. സിവില്‍ സപ്ലൈ കോര്‍പറഷന്‍ പ്രവര്‍ത്തനങ്ങള്‍ പൊഫഷണൈലൈസ് ചെയ്യും. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ സംഭരിക്കുന്നതടക്കമുള്ള നടപടികള്‍ തിരികെ കൊണ്ടുവരും.

ക്ഷേമപെന്‍ഷന്‍ കുടിശികകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കും. ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയാക്കാനും തത്വത്തില്‍ തീരുമാനിച്ചു. വീടുകളില്‍ പെന്‍ഷനെത്തിക്കുന്നത് എങ്ങനെ നടപ്പാക്കുമെന്നതു പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

രാജ്യത്ത് പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചെങ്കിലും കേരളത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമായി. തദ്ദേശസ്ഥാപന തലത്തിലും ഈ പദ്ധതി പ്രവര്‍തതനങ്ങള്‍ ആരംഭിക്കും. പ്ലാനിംഗ് ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടരും.

സംസ്ഥാനത്ത് മഴക്കാലപൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടത്താന്‍ 27ന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം നടക്കും.  ജനുവരി 1 മുതല്‍ കഴിഞ്ഞ മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തും. ഇക്കാര്യം പരിശോധിക്കാന്‍ എ.കെ. ബാലന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ കുട്ടികളെയും സ്ത്രീകളേയും നിര്‍ത്തിയുള്ള താലപ്പൊലി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഗവര്‍ണ്ണറുടെ സൗകര്യത്തിനനുസരിച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ നടന്ന ഗവര്‍ണറുടെ ചായസല്‍ക്കാരത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ ആദ്യയോഗം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here