തിരുവനന്തപുരം: കേരളത്തെ ഞെട്ടിപ്പിച്ച് ട്രഷറിത്തട്ടിപ്പുകേസ് വിജിലന്‍സ് അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. 2.73 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ തുടരന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്ന് പോലീസ് നല്കിയ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ തള്ളിയത്. നിലവില്‍ വലിയ മാനങ്ങളുള്ള കേസാണ് ട്രഷറിത്തട്ടിപ്പ്. ഓണ്‍ലൈന്‍ ഇടപാട് പരിശോധിച്ചാല്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താനാകുമെന്നും ഇതിന് വിജിലന്‍സ് പോലുള്ള അന്വേഷണസംവിധാനത്തിന് കേസ് കൈമാറണമെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ‘മികച്ച’ രീതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും നിര്‍ത്തിവച്ച പോലീസ്അന്വേഷണം തുടരാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിദ്ദേശം നല്കി.

ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാവും ട്രഷറി ഉദ്യോഗസ്ഥനുമായിരുന്ന ബിജുലാലാണ് 2.73 കോടി രൂപ നേരിട്ടു തട്ടിച്ചകേസിലെ പ്രധാന പ്രതി. അന്വേഷണം നല്ല നിലയില്‍ നടന്നാല്‍ കൂടുതല്‍ തട്ടിപ്പു പുറത്തുവരുമെന്ന ഭയത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തടയിടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ബിജുലാല്‍ മാത്രമാണ് കേസിലെ പ്രതിയെന്നും അയാള്‍ക്കെതിരേ വകുപ്പ് തലത്തിലുള്ള നടപടി സ്വീകരിച്ചതിനാല്‍ അന്വേഷണം മറ്റു തലങ്ങളിലേക്കു വേണ്ടെന്നുമുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച പിന്‍നമ്പര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിരമിച്ചു പോയ തക്കത്തിനു കൈക്കലാക്കിയാണ് ബിജുലാല്‍ മൂന്നു കോടിയോളം രൂപ ട്രഷറിയില്‍ നിന്ന് അപഹരിച്ചത്. അന്വേഷണം മുകള്‍ത്തട്ടിലേക്കു കടക്കുന്നത് സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുമെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലടക്കം സ്ഥിതി മോശമാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് വിജിലന്‍സ് അന്വേഷണത്തിന് തടയിട്ടതെന്ന് സൂചനയുണ്ട്.