തിരുവനന്തപുരം: ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സംഭവിച്ചു. വിദേശത്തു പോകുകയോ പോയവരുമായി ബന്ധപ്പെട്ടിരുന്നുവെന്നോ കണ്ടെത്താന്‍ സാധിക്കാത്ത, പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാ(68)ണ് മരണത്തിനു കീഴടങ്ങുന്നത്. നിരവധി ചടങ്ങുകളില്‍ പങ്കെടുത്ത ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പൂര്‍ണമായും തയാറാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മാര്‍ച്ച് 18നാണ് അബ്ദുള്‍ അസീസ് ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വേങ്ങോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്. 21നു ഉച്ചയ്ക്കു വീണ്ടും ഇതേ ആശുപത്രിയില്‍ രക്തപരിശോധന നടത്തി. 23നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നും മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ ചിട്ടിയില്‍ 14ന് ഇദ്ദേഹം പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിലെ ഉച്ച നമസ്കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ബാങ്കിലെയും ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തിരുന്നതായും ഒപ്പം താമസിക്കുന്ന, കെ.എസ്.ആര്.ടി.സി. കണ്ടക്ടറായ മകള്‍ രണ്ടു ദിവസം ജോലിയില്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.