തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. തിരുവനന്തപുരം മാത്രം വേദിയായിരുന്ന മേള നാല് ജില്ലകളിലായി നാല് ഘട്ടങ്ങളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും മേള. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. മേളക്കായി തിയേറ്ററുകള്‍ തുറക്കുമെങ്കിലും സിനിമാശാലകളുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം കോവിഡ് വ്യാപന തോത് നോക്കിയ ശേഷം മാത്രമേ തീരുമാനിക്കൂ.
ഈ വര്‍ഷം ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറച്ചിട്ടുണ്ട്, കഴിഞ്ഞ വര്‍ഷമിത് 2000 രൂപയായിരുന്നു. ചലച്ചിത്രമേളയ്ക്കെത്തുന്ന ഡെലിഗേറ്റുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച് ആയിരിക്കും. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഈ വര്‍ഷം മാത്രമാകും ഈ ക്രമീകരണം.
അടുത്ത വര്‍ഷം മുതല്‍ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയേറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്ട്രേഷന് അതതു മേഖലകളില്‍ നടത്തണം. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമെ പങ്കെടുപ്പിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല. മീറ്റ് ദി ഡയറക്ടര്‍, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴി നടത്തും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആയിരിക്കും ഉണ്ടാവുക. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ 750 ആയും, വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നത് 400 രൂപയും കുറച്ചു.