മുംബൈ: ഷീന ബോറ വധക്കേസ് അന്വേഷണം ഇനി സി.ബി.ഐക്ക്. ഇതുസംബന്ധിച്ച ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കി. കേസിലുള്‍പ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റവും കൊണ്ട് സൃഷ്്ടിക്കപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാരിന്‍െ്‌റ പുതിയ നടപടി.

ഷീനാ ബോറ വധക്കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കെയാണ് അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയയെ മാറ്റിയത്. എന്നാല്‍ നിയമനം നല്‍കിയത് അപ്രധാനമായ ഹോംഗാര്‍ഡ്‌സിന്റെ ചുമതലയിലാണ്.

2012 ലാണ് കൊലപാതകം അരങ്ങേറിയത്. മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് വനപ്രദേശത്തുനിന്നാണ് ഷീനയുടെ അസ്ഥിക്കൂടം പോലീസ് കണ്ടെടുത്തത്. ഷീനയുടെ അമ്മയായ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവുമാണ് പ്രതികള്‍. കേസില്‍ ഇന്ദ്രാണിയുടെ ഡ്രൈവറെ പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് കൊലപാതകത്തില്‍ ഇന്ദ്രാനിക്കുള്ള പങ്കിനെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി.

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷീന തന്റെ ആദ്യവിവാഹത്തിലെ മകളാണെന്ന് ഇന്ദ്രാനി പോലീസിനോട് സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here