സംസ്ഥാന ബജറ്റ് 2021: എല്ലാ വീട്ടിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും, ബിപിഎല്ലുകാര്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കാന്‍ ലാപ്ടോപ്പ് വിതരണ പദ്ധതികള്‍ വിപുലമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലാപ്ടോപ്പ് വാങ്ങുന്നതിനായി വിവിധ വായ്പ പദ്ധതികളും ലഭ്യമാക്കും.

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ് ലഭിക്കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി ലഭിക്കും. സബ്‌സിഡി കഴിഞ്ഞുള്ള തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്‌എഫ്‌ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി. ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക.

കുടുംബശ്രീ വഴി കെഎസ്‌എഫ്‌ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച്‌ – ഏപ്രില്‍ മാസങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കും. ഇതിന് വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും ഇന്റര്‍നെറ്റ് ഹൈവേ കുത്തകയാക്കാന്‍ അനുവദിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സേവന ദാതാക്കള്‍ക്കും തുല്യ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലായോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here