തിരുവനന്തപുരം : ചികിൽസാ പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മലയിൻകീഴ്, മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കോട്ടമുകൾ വിലങ്കറത്തല കിഴക്കുംകര വീട്ടിൽ നാലുമാസം പ്രായമുള്ള രുദ്ര എന്ന പെൺകുട്ടി മരണപ്പെട്ട സംഭവത്തിലാണ് മാതാപിതാക്കൾക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ്. കഴിഞ്ഞ വർഷം ജൂലൈ 10നാണ് സുരേഷ് – രമ്യ സുരേഷ് ദമ്പതികളുടെ മകളായ രുദ്ര ചികിത്സാപിഴവിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ മരണപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കൾ യുവജന കമ്മീഷനെ സമീപിച്ച് പരാതി നല്‍കി.

പരാതി പരിശോധിച്ച കമ്മീഷൻ ചികിൽസാ പിഴവ് ഉണ്ടായതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ആഗസ്റ്റ് 31 ന് കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ ധനസഹായം നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് സർക്കാർ ഇപ്പോൾ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ധനസഹായം നൽകുന്നതു സംബന്ധിച്ച് മറ്റു വകുപ്പുകളിൽ നിന്ന് പരാതിക്കാരിയ്ക്ക് നഷ്ട പരിഹാര തുക ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പോലീസ് മേധാവിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ രുദ്രയുടെ മരണം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വീണ്ടും അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ഇപ്പോൾ നൽകുന്ന രണ്ടു ലക്ഷം രൂപ ഈടാക്കണമെന്നും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here