എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ 1810  തസ്തികകള്‍, സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ്

0
3

തിരുവനന്തപുരം: പൊതുഭരണ വകുപ്പിന്‍റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനിക ക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ 1810  തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ 649, ടീച്ചര്‍ ജൂനിയര്‍ 679, പ്രിന്‍സിപ്പാള്‍ 125, അപ്ഗ്രഡേഷന്‍ 167, ലാബ് അസിസ്റ്റന്‍റ് 190 എന്നിങ്ങനെയാണ് തസ്തികകള്‍. 2014-15 വര്‍ഷം പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുമ്പോള്‍ ദിവസ വേതനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാനും തീരുമാനിച്ചു.

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സാ യൂണിറ്റ് സജ്ജമാക്കുന്നതിന് ഒരു മെഡിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കും. 1999 ആഗസ്റ്റ് 16-നും 2003 ഡിസംബര്‍ 12-നും ഇടയില്‍ എംപ്ലോയ്മെന്‍റ് എക്ചേഞ്ച് മുഖേന താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും സേവന കാലയളവ് 2004 വര്‍ഷത്തേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകളില്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടെയും ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ സാധുതാ കാലയളവ് മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here