പ്രളയം: രാജ്യത്ത് മരണപ്പെട്ടത് 1,400 പേര്‍, കേരളത്തില്‍ 488

0

ഡല്‍ഹി: പ്രളയക്കെടുതിയില്‍ രാജ്യത്തൊട്ടാകെ ജീവഹാനി നേരിട്ടത് 1,400 പേര്‍ക്ക്. കേരളത്തില്‍ മാത്രം മരിച്ചത് 488 പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രം ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളത്തില്‍ 488 പേര്‍ മരിക്കുകയും 14 ജില്ലകളിലായി 54.11 ലക്ഷം ജനങ്ങളെ പ്രളയ ദുരന്തം ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14.52 ലക്ഷം പേര്‍ ഭവന രഹിതരായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണയുണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

പ്രളയത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 57,024 ഹെക്ടര്‍ കൃഷി നശിച്ചു. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശില്‍ 254 പേരാണ് മരിച്ചത്. ബംഗാളില്‍ 210 പേരും കര്‍ണാടകയില്‍ 170 പേരും മഹാരാഷ്ട്ര139, ഗുജറാത്ത്52, അസം50, ഉത്തരാഖണ്ഡ്37, ഒഡിഷ29, നാഗാലാന്‍ഡ്11 പേരുമാണ് മരിച്ചത്.

രാജ്യത്താകമാനം ഒഴുക്കില്‍പെട്ട് 43 പേരെ കാണാതായിട്ടുണ്ട്. കേരളത്തില്‍ 15 പേരും ഉത്തര്‍പ്രദേശില്‍ 14 പേരെയുമാണ് കാണാതായത്. ബംഗാളില്‍ അഞ്ച്, ഉത്തരാഖണ്ഡില്‍ ആറ്, കര്‍ണാടകയില്‍ മൂന്നുപേരെയും കാണാതായിട്ടുണ്ട്. 10 സംസ്ഥാനങ്ങളില്‍ കനത്ത മഴക്കിടയിലുണ്ടായ വിവിധ അപകടങ്ങളില്‍ 386 പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കനത്ത മഴയും പ്രളയവും ഒഡിഷയിലെ 30 ജില്ലകളെ സാരമായി ബാധിച്ചു. മഹാരാഷ്ട്രയില്‍ 26 , അസമില്‍ 25, യു.പിയിലും ബംഗാളിലും 23 ജില്ലകളും വീതവും കേരളത്തില്‍ ആകെയുള്ള 14 ജില്ലകളും ഉത്തരാഖണ്ഡില്‍ 13 ജില്ലകളും മഴക്കെടുതിക്കിരയായി. കര്‍ണാടകയിലും നാഗാലാന്‍ഡിലും 11 ജില്ലകളെ ബാധിച്ചപ്പോള്‍ ഗുജറാത്തില്‍ 10 ജില്ലകളെയാണ് ബാധിച്ചത്. അസമില്‍ 11.47 ലക്ഷം ജനങ്ങള്‍ കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുകയും 27,964 ഹെക്ടര്‍ കാര്‍ഷിക ഭൂമി നശിക്കുകയും ചെയ്തു.

ബംഗാളില്‍ 2.28 ലക്ഷം പേര്‍ ദുരിതം നേരിട്ടു. ഇവിടെ 48,552 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. യു.പിയില്‍ 3.42 ലക്ഷം പേരെയാണ് ദുരിതം നേരിട്ട് ബാധിച്ചത്. ഇവിടെ 50,873 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കര്‍ണാടകയില്‍ 3.5 ലക്ഷം പേരാണ് ദുരിതത്തിലായത്. 3,521 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here