തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി. ഒരു ആരോഗ്യ പ്രവര്‍ത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 72,460 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയിലുളളവരുടെ എണ്ണം 466 ആയി. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുതായി രോഗം ബാധിച്ചവരില്‍ ആറു പേര്‍ കാസര്‍കോടാണ്. രണ്ടു പേര്‍ കോഴിക്കോട് സ്വദേശികളാണ്. എട്ടു പേര്‍ ദുബായില്‍ നിന്നു മടങ്ങിയെത്തിയവരാണ്. ഖത്തറില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ ഒരോ ആള്‍ക്കായിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗികളുമായി ഇടപഴകിയതിലൂടെ മൂന്നു പേര്‍ക്ക് അസുഖം വന്നു.

സംസ്ഥാനത്ത് ലോക്ഡൗണിന്റെ ആദ്യ ദിവസമായ ഇന്ന് അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ദൃശ്യമായി. എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരു മുതിര്‍ന്ന ആളിനു മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകൂ. ഒത്തു ചേരലുകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. അവശ്യ സര്‍വീസുകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പ്രവര്‍ത്തിക്കണം.

സ്വകാര്യ വാഹനത്തില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം തയാറാക്കി പോക്കറ്റില്‍ സൂക്ഷിക്കണമെന്നും തെറ്റായ കാര്യങ്ങളാണ് രേഖപ്പെടുത്തി സൂക്ഷിക്കുന്നതെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here