കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്ത്, വെട്ടിപ്പ് 100 കോടിയല്ല, 2015ല്‍ മാത്രം 311.98 കോടിയുടെ കണക്ക് കാണാനില്ല; ബിജുപ്രഭാകര്‍ പരസ്യമായി രംഗത്ത് വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ, കടുത്ത നടപടികള്‍ക്ക് അനുവാദം കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്.

2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. ഓഡിറ്റിന് പുറമെ സംസ്ഥാന ധനകാര്യവിഭാഗത്തിന്‍റെ പരിശോധനാ വിഭാഗം നടത്തിയ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജുപ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനകാര്യമന്ത്രി തോമസ് ഐസക്, ഗതാഗത മന്ത്രി ശശീന്ദ്രന്‍റെയും അറിവോടെയാണെന്നാണ് സൂചന.

എം.ഡിയുടെ വിശദീകരണത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ പ്രതികരണമില്ലാത്തത് അറിവോടെയാണെന്നാണ് നേതാക്കള്‍ തന്നെ പങ്കുെവക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത ശുദ്ധീകരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ സി.എം.ഡിക്കെതിരെ വിമര്‍ശനമുന്നയിച്ചെങ്കിലും പരസ്യമായ നടപടികളില്‍ നിന്നും സി.ഐ.ടി.യു പിന്‍മാറിയത് ഈ സാഹചര്യത്തിലാണത്രെ. ഓഡിറ്റിലും ധനകാര്യ വിഭാഗം പരിശോധനയിലും ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കെ.ടി.ഡി.എഫ്‌.സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്.

311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. 2018 ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് നടത്തിയ ഓഡിറ്റിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെടിഡിഎഫ്‌സിയില്‍ നിന്നും എടുത്ത തുക തിരിച്ചടച്ചതില്‍ 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്ന് രേഖയില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി സിഎംഡി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് രേഖകളിലുള്ളതും. കെ.എസ്.ആര്‍.ടി.സിയുടെ നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകര്‍ അക്കൗണ്ട് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

100 കോടി 75 ലക്ഷം രൂപയുടെ കുറവ് പരിശോധന റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. അക്കൗണ്ട് ഓഫീസറുള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
ഇന്നലെ ബിജുപ്രഭാകര്‍ ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്.

പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഭാഗമായി അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ബിജുപ്രഭാകറിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശ്രീകുമാറിനു പുറമെ മറ്റാളുകള്‍ തത്സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധന്യകാര്യ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here