തിരുവനന്തപുരം: ലൈഫ് ക്രമക്കേടില്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതിയുടെ അനുമതി. എം ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് നടപടി തുടങ്ങി. അതിനിടെ ഐടി വകുപ്പില്‍ സ്വപ്നയെ നിയമിച്ചതിലെ അഴിമതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതികളുടെയടക്കം മൊഴിയെടുപ്പ് പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിന്‍റെ അടുത്തഘട്ടത്തിലേക്ക് നീങ്ങാന്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നാണ് വിജിലന്‍സ് നിലപാട്. ഈ ആവശ്യം അംഗീകരിച്ചാണ് എന്‍ഐഎ ശേഖരിച്ച വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സ് സംഘത്തിന് കൈമാറാന്‍ കോടതി അനുമതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സി ഡാക്കിന് വിജിലന്‍സ് അപേക്ഷ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വാട്സപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിക്കും. സ്വപ്ന സുരേഷ്, എം ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്സപ് സന്ദേശങ്ങളാണ് പരിശോധിക്കുക. ഇവരുടെ ഒരു വര്‍ഷത്തെ കോള്‍ രേഖകള്‍ ശേഖരിക്കാനും വിജിലന്‍സ് നീക്കം തുടങ്ങി. ലൈഫിലെ ക്രമക്കേടിനാധാരമായ കരാര്‍ ഒപ്പിട്ട കാലയളവ് മുതലുള്ള കോള്‍ രേഖകളാണ് പരിശോധിക്കുക.

ഐടി വകുപ്പിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്നയ്ക്ക് നിയമനം നല്‍കിയതിലെ അഴിമതിയിലും ലൈഫ് ക്രമക്കേട് അന്വേഷിയ്ക്കുന്ന സംഘം പ്രാഥമിക അന്വേഷണം തുടങ്ങി. തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് നീക്കം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയ സ്വപ്ന സുരേഷ് 6 മാസം കൊണ്ട് 20 ലക്ഷം രൂപ ശമ്പളമായി വാങ്ങിയെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്നയ്ക്കെതിരെ പോലീസ് അന്വേഷണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here