ഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാര്‍ പറയുന്നതു വിശദമായി കേള്‍ക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനം പങ്കുവച്ചാണു മോദിയുടെ ട്വീറ്റ്. വ്യാഴാഴ്ചയാണു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും, പീയൂഷ് ഗോയലും വാര്‍ത്താസമ്മേളനം നടത്തിയത്. നിയമം പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നു കര്‍ഷകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകരുടെ സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. .
ബുധനാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറിയിരുന്നു. ഇതിനുപിന്നാലെ, പ്രശ്നപരിഹാരത്തിന് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്കി. എന്നാല്‍ കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ ഒറ്റക്കെട്ടായി തള്ളി. ചര്‍ച്ച വഴിമുട്ടിയതോടെ, നിയമത്തിലെ വ്യവസ്ഥകളില്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്കു തയാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു.
ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. മൂന്നു കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.