മേരി പ്യാരി മുംബൈ

0
72

കറുത്ത കുതിരകളാകാന്‍ കച്ചകെട്ടി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അനായാസം തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 50 പന്തില്‍ 68 റണ്‍സെടുത്ത രോഹിത് വിജയമുറപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്.

157 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഡികോക്കും രോഹിതും ചേര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സിന്റെ നിര്‍ണായക അടിത്തറ നല്‍കി. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്ടനൊപ്പം സ്‌കോര്‍ അനായാസം ചലിപ്പിച്ചതോടെ വിജയം ഡല്‍ഹിയില്‍ നിന്നകന്നു. സ്‌കോര്‍ 90 ല്‍ നില്‍ക്കെ യാദവ് മടങ്ങിയെങ്കിലും യുവതാരം ഇഷാന്‍ കിഷന്‍ കിടിലന്‍ ഷോട്ടുകളിലൂടെ രോഹിതിനൊപ്പം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. സ്‌ക്കോര്‍137 നില്‍ക്കേ രോഹിതിനെ പുറത്താക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞെങ്കിലും കിരീടം മുംബൈയുടെ കൈയെത്തും ദൂരത്തായിരുന്നു.അവസാന ഘട്ടത്തില്‍ തുടരെ തുടരെ വിക്കറ്റ് വീണങ്കിലും മുംബൈയെ വീഴ്ത്താന്‍ ഡല്‍ഹിക്ക് അതൊന്നും പര്യാപ്തമായിരുന്നില്ല

19 പന്തില്‍ 33 റണ്‍സുമായി ഇഷാന്‍ കിഷന്‍ പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്ടന്‍ ശ്രേയസ് അയ്യരുടേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 50 പന്തില്‍ 65 റണ്‍സെടുത്ത അയ്യര്‍ പുറത്താകാതെ നിന്നപ്പോള്‍ 38 പന്തില്‍ 56 റണ്‍സെടുത്ത് പന്ത് നല്ല പിന്തുണ നല്‍കി. ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം രണ്ടക്കം കണ്ടത്. ബൂമ്ര നിറം മങ്ങിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിന്റെ കിടിലന്‍ ബൗളിംഗാണ് ഡല്‍ഹിയെ പിടിച്ചു കെട്ടിയത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 5 വിക്കറ്റ് നഷ്ട്ടത്തില്‍ 18.4 ഓവറില്‍ വിജയം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here