മുതിര്‍ന്ന നേതാക്കള്‍ക്ക് 10% സീറ്റ് മതി, നാടകം തുടര്‍ന്നാല്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും: യൂത്ത് കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ‍ മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. തുടർച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റിനിർത്തണം. ജനറൽ സീറ്റുകളിൽ മത്സരിക്കാന്‍ പൊതുസമ്മതരായ പട്ടികജാതിക്കാരുണ്ടെങ്കിൽ ജാതിയുടെ പേരിൽ മാറ്റിനിർത്തരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നാടകം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാർഥികളെ നിർത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട്‌ നടന്ന യൂത്ത് കോൺഗ്രസ്‌ സ്പെഷ്യൽ ക്യാമ്പാണ് പ്രമേയം പാസ്സാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും.

അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here