തിരുവനന്തപുരം: ഒമ്ബത് മാസമായി സിനിമാസ്വാദകര്‍ക്ക് അന്യമായ ബിഗ്സ്ക്രീന്‍ കാഴ്ചകള്‍ തിരികെയെത്തിച്ച് ചലച്ചിത്ര വികസന കോര്പറേഷന്. കോര്‍പറേഷെന്റ നേതൃത്വത്തില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ഞായറാഴ്ചമുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്ബോഴാണ് കെ.എസ്.എഫ്.ഡി.സി സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രത്യേകം തയാറാക്കിയ സ്ക്രീനിലാണ് പ്രദര്‍ശനം. ഇന്നുമുതല്‍ രണ്ട് മാസത്തേക്ക് വൈകുന്നേരം ആറുമണിക്ക് സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് നിശാഗന്ധിയിലെത്താം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ത്രിഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനാണ് ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കെ.എസ്.എഫ്.ഡി.സി ഓഫിസില്‍ നേരിട്ടെത്തി ടിക്കറ്റ് വാങ്ങണം. ഞായറാഴ്ചകളില്‍ നിശാഗന്ധിയിലും ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാകും. ഒരാഴ്ചത്തെ പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞശേഷമായിരിക്കും തുടര്‍ന്നുള്ള പ്രദര്‍ശനം. ആളുണ്ടെങ്കില്‍ അടുത്തമാസം വരെ എല്ലാ ദിവസവും വൈകുന്നേരം മികച്ച മലയാളം, ഇംഗ്ലീഷ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 3000 പേര്‍ക്ക് ഇരിക്കാവുന്ന നിശാഗന്ധിയില്‍ 200 സീറ്റ് മാത്രമേ ഉണ്ടാകൂ. ഓപണ്‍ എയര്‍ തിയറ്റര്‍ ആയതിനാല്‍ മറ്റ് ആശങ്ക വേണ്ട.
ശരീരതാപനില പരിശോധിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമായിരിക്കും പ്രേക്ഷകരെ പ്രവേശിപ്പിക്കുകയെന്ന് ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണ്‍ പറഞ്ഞു. ആളുകുറവാണെങ്കില് ശനി, ഞായര്‍ ദിവസങ്ങളിലേ പ്രദര്‍ശനമുണ്ടാകൂ.