ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു . ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത് രജനീകാന്താണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിതെന്നും കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു.

കമലിന്റെ പ്രഖ്യാപനത്തോടെ അസാധാരണമായ ഒരു താരരാഷ്ട്രീയസഖ്യത്തിന് തമിഴകം വേദിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മെയ്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു.ഇതിലേറെ വോട്ടുകള്‍ നേടുവാന്‍ രജനിയുടെ പാര്‍ട്ടിക്ക് സാധിക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇരുതാരങ്ങളും ഒന്നിച്ചു നീങ്ങിയാല്‍ അതു മറ്റു ദ്രാവിഡ പാര്‍ട്ടികള്‍ക്ക് കനത്ത വെല്ലുവിളിയാവും സൃഷ്ടിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. അതേസമയം ഡിസംബര്‍ 31ന് ശേഷം ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് കമല്‍ പ്രഖ്യാപിക്കും. ഇതിന് ശേഷം തന്നെ രജനീകാന്തുമായുള്ള സഖ്യത്തെ കുറിച്ചും പ്രഖ്യാപിക്കും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 19 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും കമല്‍ഹാസന്‍ മത്സരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ തള്ളിയാണ് അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കമല്‍ഹാസന്റെ പാര്‍ട്ടി നഗരമേഖലകളില്‍ സാമാന്യം നല്ല വോട്ട് നേടിയിരുന്നു. അതുകൊണ്ട് ചെന്നൈ തന്നെ അദ്ദേഹം മത്സരിക്കാനായി തിരഞ്ഞെടുക്കും. ദശാബ്ദങ്ങളായി ചെന്നൈയില്‍ തന്നെയാണ് കമല്‍ഹാസന്‍ താമസിക്കുന്നത്. ചെന്നൈ നിവാസികള്‍ക്ക് അദ്ദേഹം ചിരപരിചിതനാണ്. രജനിയും ചെന്നൈയില്‍ തന്നെയാണ് തട്ടകമായി തിരഞ്ഞെടുക്കുന്നത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ കല്യാണ ഹാള്‍ അതിനായി തയ്യാറെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here