ന്യൂഡൽഹി |‘‘ചെറുപ്പത്തിൽ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്നത് വരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇതു പലതവണ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം മർദിക്കുമായിരുന്നു. അദ്ദേഹം വീട്ടിൽ വരുമ്പോൾ ഞാൻ പേടിച്ചിരുന്നു. പലപ്പോഴും കട്ടിലിനടിയിൽ ഒളിച്ചിരുന്നു. തലമുടിയിൽ പിടിച്ച് ചുമരിൽ തല ഇടിക്കുമായിരുന്നു. തലപൊട്ടി രക്തം വന്നിട്ടുണ്ട്’’
കുട്ടിക്കാലത്ത് പിതാവിൽ നിന്നുണ്ടായ ലൈംഗിക ചൂഷണം ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ തുറന്നു പറഞ്ഞത് ഇങ്ങനെയാണ്.
‘‘ഒരു വ്യക്തി ഒരുപാട് ക്രൂരതകൾ അനുഭവിക്കുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വേദന അവർ മനസ്സിലാക്കുകയുള്ളൂ. അത് മുഴുവൻ സിസ്റ്റത്തെയും ഇളക്കിമറിക്കാൻ കഴിയുന്ന ഒരു അഗ്നിയെ ഉണർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു’’– അവർ കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്ത് തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടിയും ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) അംഗവുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എട്ടാം വയസ്സിൽ പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.