കോവിഡ് പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ലക്ഷ്യമിടുന്നത് സുരക്ഷിത മേള;’ കമൽ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ സുരക്ഷിത മേളയാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കമൽ. അതു കൊണ്ടാണ് ഇത്തവണ ചലച്ചിത്രമേള നാലു മേഖലകളിൽ നടത്തുന്നതെന്നും എല്ലാ ഘട്ടത്തിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ ഭാഗമായി ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കെടുക്കുന്നവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമേ സിനിമകൾ കാണാൻ അവസരം നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച നിയന്ത്രണങ്ങളിൽ ഡെലിഗേറ്റുകൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മേളയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ജനുവരി 30 മുതൽ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ചുരുക്കി നാല് സ്ഥലങ്ങളിലായാണ് മേള നടത്തുക. ഇക്കുറി 8000 പാസുകളാവും വിതരണം ചെയ്യുക. ഉദ്‌ഘാടനം തിരുവനന്തപുരത്താണ്.

ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്ത് മേള നടക്കും. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ആലപ്പുഴയിൽ ഉള്ളവർക്കും തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്യാം. ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. തെരഞ്ഞെടുത്ത മേഖല മാറ്റാനാകില്ല.

തിരുവനന്തപുരത്തും കൊച്ചിയിലും 2500 പാസുകളാണ് നല്‍കുക. പാലക്കാടും തലശേരിയിലും 1500 പാസുകൾ നൽകും. ഫെബ്രുവരി എട്ടാം തിയതി തിരുവനന്തപുരത്ത് പാസ് വിതരണം ആരംഭിക്കും. കോവിഡ് നെഗറ്റീവായവർക്ക് മാത്രമാകും പാസ് നൽകുക. പാസ് വിതരണ കേന്ദ്രത്തിൽ പരിശോധനാ സംവിധാനം ഉണ്ടാകും.

റിസർവേഷനിലൂടെ മാത്രമെ ചിത്രം കാണാനാകൂ. 24 മണിക്കൂർ മുമ്പ് റിസർവ് ചെയ്യണം. സിനിമ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് സീറ്റ് നമ്പർ SMS വഴി ലഭിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ, ടഗോർ, നിശാഗന്ധി എന്നിവയാണ് തിരുവനന്തപുരത്തെ സ്ക്രീനുകൾ.

തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഈ വർഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വർഷം മുതൽ ഐ എഫ് എഫ് കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.

ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആൾക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല.
മീറ്റ് ദി ഡയറക്ടർ, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റിവ്, ഹോമേജ് തുടങ്ങി എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. എല്ലാ മേഖലയിലും എല്ലാ സിനിമകളും പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here