ഇരുധ്രുവത്തിലാണെന്നു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടു രംഗത്തെത്തി. കണിച്ചുകുളങ്ങര കേസ് അട്ടിമറിക്കാന്‍ ചെന്നിത്തല പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു കൈമാറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിയോടുള്ള കൂറു വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കു വേണ്ടി പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്‍കിയത്. ഇതിന്റെ പൂര്‍ണ രൂപം ചുവടെ.

ഹിമാലയന്‍ ചിട്ടിഫണ്ട് ഉടമകളുമായി ബന്ധപ്പെട്ട് കെ.പി.സി.സി
അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഇടതുസര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തെളിവില്ലെന്നു കണ്ട് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തി. 2011 മാര്‍ച്ച് പത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടതുസര്‍ക്കാര്‍ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

കണിച്ചകുളങ്ങര കേസിലെ പ്രതികളായ ഹിമാലയ ചിട്ടിഫണ്ട് ഉടമകളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാണ് ഇടതുസര്‍ക്കാര്‍ വിജിലന്‍സിനു വിട്ടത്. കണിച്ചകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി.എ. ഹക്കിം ആയിരുന്നു പരാതിക്കാരന്‍.

എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റാണ് 2007 ആഗസ്റ്റില്‍ അന്വേഷണം നടത്തിയത്. അവര്‍ 35 സാക്ഷികളെ വിസ്തരിച്ചു. മൂന്നു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ചെന്നിത്തലയ്‌ക്കെതിരേ പരാതിക്കാരന്‍ ഒരു പറ്റം വ്യാജ പരാതികള്‍ ഉന്നയിക്കുകയാണു ചെയ്തതെന്നു പറയുന്നു.

പരാതിക്കാരന്‍ വിശ്വസനീയതയുള്ള ആളല്ല. കുറ്റകരമായ പശ്ചാത്തലമുള്ള ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു. ഈ വ്യാജ പരാതിയിന്മേല്‍ യാതൊരു തുടര്‍ നടപടികളും ആവശ്യമില്ലെന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

1. പരാതികളില്‍ സ്ഥിരത ഇല്ലായിരുന്നു

2. ആരോപണങ്ങളിന്മേല്‍ യാതൊരുവിധ തെളിവുകളും നല്കാന്‍ പരാതിക്കാരന്‍ തയാറായില്ല.

3. ഹിമാലയന്‍ ഉടമസ്ഥരായ എന്‍.എസ്. സജിത്, കെ.എന്‍. ബിനിഷ് എന്നിവര്‍ തിരുനല്‍വേലിയില്‍ 45.3 ഏക്കര്‍ സ്ഥലം എട്ടു കോടി രൂപയ്ക്കു വാങ്ങി ചെന്നിത്തലയ്ക്കു നല്കാന്‍ പദ്ധതിട്ടിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇതു സംബന്ധിച്ച രേഖകള്‍ വ്യാജമാണ്. കൊല ചെയ്യപ്പെട്ട ഹിമാലയന്‍ മുന്‍ ജീവനക്കാരന്‍ ടി. ജി. രമേശനില്‍ നിന്ന് നേരത്തെ ലഭിച്ച രേഖകളാണിത് എന്നാണ് പരാതിക്കാരന്‍ അവകാശപ്പെടുന്നത്. കമ്പനിയുടെ ലെറ്റര്‍ ഹെഡുമായി ഇതിനു സാമ്യമില്ല. അതുകൊണ്ടു തന്നെ ഇതു വ്യാജമാണെന്നു കരുതാം. യഥാര്‍ത്ഥത്തില്‍ 2005 ല്‍ അവിടെ 58 ഏക്കര്‍ സ്ഥലം ആറു ലക്ഷം രൂപ മുടക്കിയാണു വാങ്ങിയത്.

4. 2002 ല്‍ ചെന്നിത്തലയ്ക്ക് സജിത് എഴുതിയതായി പറയപ്പെടുന്ന കത്തും വ്യാജമാണെന്നു കണ്ടെത്തി. മൂന്നു ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ ഡോ.എം. എ. കുട്ടപ്പന്‍ വഴി കൊടുത്തയച്ചയതായി പറയപ്പെടുന്ന രണ്ടു കോടി രൂപയെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കൊല്ലപ്പെടുന്നതിനു മുമ്പ് ടി.ജി. രമേശില്‍ നിന്നാണ് ഈ കത്തു ലഭിച്ചത് എന്നാണു പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടേയില്ലെന്ന് സജിത് വ്യക്തമാക്കി. 2002ല്‍ ഇത്രയും തുക സമാഹരിക്കാന്‍ കമ്പനിക്കു പറ്റുമായിരുന്നില്ല. ബാര്‍ ഹോട്ടല്‍ തുറക്കാന്‍ കമ്പനി യാതൊരു ശ്രമവും നടത്തിയതായി അറിയില്ലെന്ന് അന്വേഷണത്തില്‍ നിന്നു വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

5. വി.ടി. വര്‍ഗീസ് എന്നയാളില്‍ നിന്ന് 1.4 കോടി രൂപയുടെ 23.75 സെന്റു സ്ഥലം സജിത് വാങ്ങി ചെന്നിത്തലയ്ക്കു നല്കി എന്നതാണ് മറ്റൊരു ആരോപണം. 2002 ജൂണ്‍ 18 എന്നു രേഖപ്പെടുത്തിയിരിക്കുന്ന രേഖകള്‍ പ്രകാരം വി.ടി. വര്‍ഗീസ് 50 ലക്ഷം രൂപ കൈപ്പറ്റിയെന്നുണ്ട്. പക്ഷേ, വി.ടി. വര്‍ഗീസ് എന്നൊരാളെ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.

6. ഹിമാലയ ഗ്രൂപ്പിന് ഒരു ചാനലും ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനും തുടങ്ങാന്‍ സഹായിക്കുന്നതിനു പ്രത്യുപകാരമായി ആദ്യഗഡുവായി രണ്ടു കോടി രൂപ 2001 ല്‍ താജ് റസിഡന്‍സി ഹോട്ടലില്‍ വച്ച് കൈമാറിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ചെന്നിത്തല അന്ന് അവിടെ ഉണ്ടായിരുന്നതേയില്ല. പക്ഷേ, പരാതിക്കാരനും എന്‍.എസ്. സജിത്, കെ.എന്‍. ബിനിഷ് എന്നിവരും അവിടെ ഉണ്ടായിരുന്നു. ആംസ് ആക്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പേരില്‍ അന്ന് അവിടെ അവരുടെ ആഘോഷവും ഉണ്ടായിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയത് 2003ല്‍ ആണ്.

7. ചെന്നിത്തല കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയില്‍ 100 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും തെറ്റാണ്.

കണിച്ചുകുളങ്ങര കേസ്

ഹിമാലയ ഉടമസ്ഥരായ കെ.എന്‍.ബിനിഷ്, എന്‍.എസ്. സജിത് എന്നിവവര്‍ മുന്‍ജീവനക്കാരനായ ടി.രമേശിനെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തി എന്നതാണ് കണിച്ചുകുളങ്ങര കേസ്. വി.എ. ഹക്കിം ആയിരുന്നു കണിച്ചകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍. പരാതിക്കാരനെ പിന്നീട് അനധികൃതമായി അനാഥലയം നടത്തി കുട്ടികളെ വിറ്റ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങി. ഇയാള്‍ക്കെതിരേ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു വരുന്നു. കേസില്‍ ഉള്‍പ്പെട്ട ചില ഭൂമികള്‍ റിസീവര്‍ ഭരണത്തിലുമാണ്.

1 COMMENT

  1. കണിച്ചുകുളങ്ങര കേസുമായി ബന്ധപ്പെട്ടു കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തില്‍ മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍. ചെന്നിത്തലയ്‌ക്ക് ക്ലീന്‍ ചിറ്റ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിരുദ്ധ വിഭാഗത്തിന്റെ ഇടപെടല്‍ മൂലമാണ്‌. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ അവകാശവാദം ഉന്നയിക്കാനാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതെന്നും കോടിയേരി പറഞ്ഞു.കണിച്ചുകുളങ്ങര കേസില്‍ ചെന്നിത്തലക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഇടതു സര്‍ക്കാര്‍ പൂഴ്‌ത്തിയെന്ന ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍.

    കണിച്ചുകുളങ്ങര കേസിലെ പ്രതികളായ ഹിമാലന്‍ ചിട്ടിഫണ്ട്‌ ഉടമകളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്നത്‌ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണു രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here