എനിക്ക് ജനങ്ങളോട് പറയാനുള്ളത്‌

0

ആര്‍. ശെല്‍വരാജ്

ഞാന്‍ സി. പി. എം അംഗത്വവും നിയമസഭാംഗത്വവും രാജിവെക്കാന്‍ നിര്‍ബന്ധിതനായ രാഷ്ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്താവനയിലും എനിക്കുകഴിയുന്ന വിധം വ്യക്തമായി വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട് സി പി എം നേതൃത്വവും ചില മാധ്യമങ്ങളും അവര്‍ തയ്യാറാക്കിയിട്ടുള്ള മറ്റൊരു അജണ്ട മുന്‍നിര്‍ത്തി എനിക്കെതിരെ കഴിഞ്ഞ രണ്ടുദിവസമായി തുടര്‍ച്ചയായി ദുഷ്പ്രചരണങ്ങളും ദുരാരോപണങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത് ഈ കുറിപ്പിലൂടെ പറയാന്‍ ശ്രമിക്കുകയാണ്.

ഞാന്‍ തെക്കന്‍ കേരളത്തിലെ ഗ്രാമവാസികളും കരയിലും കടലിലും പണിയെടുത്തു ജീവിക്കുന്നവരുമായ സാധാരണക്കാരില്‍ ഒരാളാണ്. അവര്‍ക്കിടയില്‍ ജീവിച്ചും പ്രവര്‍ത്തിച്ചും പഠിച്ച രാഷ്ട്രീയമേ എനിക്ക് അറിയൂ. പത്രസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വാഗ്‌വാദങ്ങള്‍ നടത്തിയുള്ള പരിചയമൊന്നും എനിക്കില്ല. ഞാന്‍ ഒരു രാഷ്ട്രീയബുദ്ധിജീവിയോ ആ നിലവാരത്തിലുള്ള ഒരു പാര്‍ലമെന്ററിയനോ അല്ല. അതിനാല്‍ എന്റെ രാജിക്കു കാരണമായ രാഷ്ട്രീയാനുഭവങ്ങളെപ്പറ്റി ആരുമായും വാദിച്ചുജയിക്കാനുള്ള ആഗ്രഹവും കഴിവും എനിക്കില്ല. എങ്കിലും രാജിയിലൂടെ ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇങ്ങനെ ആസൂത്രിതമായി അട്ടിമറിക്കപ്പെടുന്നതിനോട് പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ കുറെവര്‍ഷങ്ങളായി സി പി എമ്മില്‍ എല്ലാ ജനകീയ പ്രശ്‌നങ്ങളെക്കാളും പ്രധാനമായി നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളിലൊന്നും ഞാന്‍ സജീവപങ്കാളിയുമല്ല. 44 വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഏതെങ്കിലും സദാചാരവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലോ അഴിമതിയുടെ പേരിലോ ഒരു ആരോപണം എനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു അച്ചടക്കനടപടിക്കും വിധേയനാകേണ്ടിവന്നിട്ടുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ഔദ്യോഗിക ഗ്രൂപ്പിനോടു ഒപ്പമാണ് ഞാന്‍ നിലയുറപ്പിച്ചിരുന്നതും. വി. എസ് ഉയര്‍ത്തിയ രാഷ്ട്രീയവും നയപരവുമായ ചില പ്രശ്‌നങ്ങള്‍ ശരിയാണെന്നു ഗ്രുപ്പുവ്യത്യാസമില്ലാതെ പാര്‍ട്ടിയിലെ പലരും കരുതിയിരുന്ന പോലെ ഞാനും മനസ്സിലാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളോടു എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒപ്പം നില്ക്കുന്നവരെ ചതിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതത്തിലും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചതിനുശേഷം എല്ലാ ജില്ലകളിലും പ്രദേശങ്ങളിലും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തരായി ചമഞ്ഞ ചില വ്യക്തികളും ഗ്രൂപ്പുകളും പാര്‍ട്ടിയെ മൊത്തത്തില്‍ സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനോടു മറ്റു അനേകം പ്രവര്‍ത്തകരെപ്പോലെ എനിക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പാര്‍ട്ടിയെ അങ്ങനെ റാഞ്ചി സ്വന്തമാക്കിയ ഒരു മാഫിയാ സംഘത്തിന്റെ അപ്രിയത്തിന് ഞാന്‍ ഇരയായത് അങ്ങനെയാണ്. ഒരു കാലത്ത് തിരുവനന്തപുരം ജില്ലയില്‍ വലതുപക്ഷരാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന നെയ്യാറ്റിന്‍കര താലൂക്കില്‍ സി പി എമ്മിനെ മുഖ്യരാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിനുവേണ്ടി ത്യാഗം സഹിച്ച നേതാക്കന്മാരുടെ മാതൃക പിന്തുടര്‍ന്ന് നിരവധി മര്‍ദ്ദനങ്ങളും പീഡനങ്ങളും കള്ളക്കേസുകളും ജയില്‍വാസവും അനുഭവിച്ചയാളാണ് ഞാന്‍.

അങ്ങനെയുള്ള എന്നെ അകാരണമായി എന്റെ പ്രധാനപ്രവര്‍ത്തനമേഖലയില്‍ നിന്നു പിഴുതെറിയാനും അവഹേളിച്ച് പുറന്തള്ളാനുമാണ് ജില്ലാ നേതൃത്വത്തില്‍ പിടിമുറുക്കിയ ഏതാനും പേര്‍ ശ്രമിച്ചത്. ഈ അനുഭവം എന്റേതു മാത്രമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പേരെടുത്തു പറയാവുന്ന നൂറുകണക്കിനു ജില്ലാ – പ്രാദേശിക നേതാക്കളും നിസ്വാര്‍ത്ഥപ്രവര്‍ത്തകരും ഇങ്ങനെ സംശയത്തിനും അവഗണനയ്ക്കും ഇരയായി. ചിലര്‍ നിശ്ശബ്ദരും നിസ്സഹായരുമായി എല്ലാം സഹിച്ചു. ചിലര്‍ നിഷ്‌ക്രിയരായി. പലരും രാഷ്ട്രീയം തന്നെ മതിയാക്കി. പിടിച്ചുനില്ക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ചിലരെല്ലാം മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു. ഓരോ സമ്മേളനം കഴിയുന്തോറും കൂടുതല്‍ പേര്‍ കുറ്റാരോപിതരായിക്കൊണ്ടിരുന്നു. തെറ്റുകള്‍ തിരുത്തുന്നതിന് മേല്‍കമ്മിറ്റികള്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷ പൂര്‍ണ്ണമായും അവസാനിച്ചത് ഈ സംസ്ഥാന സമ്മേളനത്തോടെയാണ്. രാജ്യവും ജനങ്ങളും നേരിടുന്ന നീറുന്ന ജീവിതപ്രശ്‌നങ്ങളായിരുന്നില്ല സമ്മേളനത്തിലെ ചര്‍ച്ചാവിഷയം എന്ന് എല്ലാവര്‍ക്കും ബോധ്യമായി.

ഈ അവസ്ഥയില്‍ സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലും നയപരിപാടികളിലുമുള്ള വിശ്വാസത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടും എനിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ചിലര്‍ കരുക്കള്‍ നീക്കിയതുകൊണ്ടുമാണ് ഞാന്‍ എല്ലാ പാര്‍ട്ടിപദവികളും നിയമസഭാംഗത്വവും ഉപേക്ഷിക്കാന്‍ ആലോചിച്ചത്. സഹപ്രവര്‍ത്തകരോടും പാര്‍ട്ടി ഭാരവാഹികളോടും എന്റെ നിസ്സഹായത എത്രയോവട്ടം ഞാന്‍ പറഞ്ഞിരുന്നു. എന്റെ അഭിപ്രായങ്ങളോടും വികാരങ്ങളോടും യോജിച്ചെങ്കിലും അവരില്‍ പലരും ഓരോ കാരണങ്ങളാല്‍ കുറച്ചുകൂടി കാത്തിരിക്കാമെന്നാണ് പറഞ്ഞത്. സത്യസന്ധതയില്ലാത്ത പൊതുപ്രവര്‍ത്തനം ശീലിച്ചിട്ടില്ലാത്തതുകൊണ്ടും എനിക്കും കുടുംബത്തിനുമെതിരായ മാനസിക പീഡനങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയാത്തതുകൊണ്ടും ഞാന്‍ ഒറ്റയ്ക്ക് എന്റെ രാജി തീരുമാനം നടപ്പാക്കുകയായിരുന്നു.

ഇതിലൂടെ ഞാന്‍ എന്നെപ്പോലെ വീര്‍പ്പുമുട്ടിക്കഴിയുന്നവരും പുറന്തള്ളപ്പെട്ടവരുമായ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണാഗ്രഹിച്ചത്. പിറവം തെരഞ്ഞെടുപ്പ് എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. അവിടെ ആരു ജയിച്ചാലും തോറ്റാലും എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. സന്തോഷമോ ദുഃഖമോ ഇല്ല. എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷരാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും ചര്‍ച്ചചെയ്യാനുള്ള ഒരു വിഷയമായാണ് ഒരു എളിയ കമ്മ്യൂണിസ്റ്റ് വിശ്വാസിയും പ്രവര്‍ത്തകനുമായ ഞാന്‍ എന്റെ രാജിയെ കണക്കാക്കുന്നത്. ഈ രാഷ്ട്രീയ പ്രശ്‌നത്തെയാണ് സി പി എം ദുരാരോപണങ്ങളിലൂടെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. സി പി എം താല്പര്യങ്ങള്‍ക്ക് വഴങ്ങിയിട്ടിയാലും അല്ലെങ്കിലും ഈ രാഷ്ട്രീയ വസ്തുതകളെയാണ് വളച്ചൊടിച്ച് മറ്റെന്തെല്ലാമോ ആക്കി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് ഞാന്‍ പിറവം തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനെ സഹായിക്കാനായി ഗൂഢാലോചന നടത്തി കോടികള്‍ കൈപ്പറ്റി പാര്‍ട്ടിയെ വഞ്ചിച്ചു എന്നെല്ലാമാണ്. ഒരു പദവിയും ഉപേക്ഷിക്കാതെ കോടികള്‍കൈപ്പറ്റാനും പാര്‍ട്ടിയെ വഞ്ചിച്ചു നശിപ്പിക്കാനും മടിയില്ലാത്തവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ഞാന്‍ അവഗണിക്കുന്നു. കോടികള്‍ സമ്പാദിക്കാനാണെങ്കില്‍ നാലേകാല്‍ കൊല്ലം ബാക്കിയുള്ള എം. എല്‍. എ സ്ഥാനം നിലനിര്‍ത്തി പലരും ചെയ്യുന്നതുപോലെ സമ്പാദിക്കാമായിരുന്നില്ലേ? ദാസ്യപ്രവൃത്തി നടത്തുകയും നേതൃസ്ഥാനങ്ങളില്‍ പടിഅടക്കുകയും ചെയ്യുമെങ്കില്‍ ആരും തടസ്സം പറയുമായിരുന്നില്ലല്ലോ. പലരും അതല്ലേ പല പദവികളിലുമിരുന്ന് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന നേതാക്കളില്‍ ചിലര്‍ വരെ എനിക്കെതിരെ കോടികളുടെയും ഗൂഢാലോചനയുടെയും വഞ്ചനയുടെയും കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. പരാതിയുമില്ല. പക്ഷെ, കാപ്പിറ്റല്‍ പണിഷ്‌മെന്റിന് ദിവസങ്ങളെണ്ണി കഴിയുന്ന വി.എസ് അദ്ദേഹത്തിന് വര്‍ഷങ്ങളായി നേരിട്ടറിയാവുന്ന എന്നെപ്പറ്റി പൊതുവേദികളില്‍ ഈ കോടികളുടെ നുണക്കഥകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ എനിക്കും ചോദിക്കാമല്ലോ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഞങ്ങളെല്ലാം രാപകല്‍ പണിയെടുക്കുമ്പോള്‍ അങ്ങ് വോട്ടര്‍മാരോട് മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തുവല്ലോ. അത് ആരുമായുള്ള ഗൂഢാലോചനയായിരുന്നു? എത്ര കോടിയായിരുന്നു പ്രതിഫലം? തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇടതുപക്ഷസ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വികേട്ട് പൊട്ടിച്ചിരിച്ചുവല്ലോ. (സ്വന്തം കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവി എന്ന് ആക്ഷേപവും കേട്ടു). അതിലും കോടികളുടെ കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും ഉണ്ടായിരുന്നോ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിജയിച്ച കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ചുമരെഴുത്തും ആദ്യവട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും നടന്നശേഷം, നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ അവസാനദിവസത്തിന്റെ തൊട്ടുതലേന്ന് അരമണിക്കൂര്‍ മുമ്പ് വരെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച് കാത്തിരുന്ന നിരാശയായ ഡി. സി. സി. വനിതാ നേതാവിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഫീസിലേക്ക് ആനയിച്ച് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലോ. ആ കുതിരക്കച്ചവടത്തില്‍ ആരാണ് കോടികള്‍ കൈമാറിയത്? ഇങ്ങനെ ചോദിക്കാവുന്ന ചോദ്യങ്ങളെല്ലാം ഞാനിപ്പോള്‍ ചോദിക്കുന്നില്ല.

ഞാനേര്‍പ്പെട്ടതായി ആരോപിക്കുന്ന കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരനായ പി.സി. ജോര്‍ജാണെന്നാണല്ലോ പറയുന്നത്. വലതുപക്ഷരാഷ്ട്രീയ ചേരിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ജോര്‍ജിനെ ഇടതുപക്ഷകുപ്പായമണിയിച്ച് പൂഞ്ഞാറില്‍ മത്സരിപ്പിച്ച് എല്‍ ഡി എഫ് എം എല്‍ എയായും നേതാവുമായും എഴുന്നെള്ളിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഇടപാടില്‍ ആരാണ് കോടികള്‍ കൊടുത്തതും വാങ്ങിയതും എന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.

എന്റെ രാജി പിറവം തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് എന്തോ നേട്ടമുണ്ടാക്കുമെന്ന അങ്കലാപ്പിലാണല്ലോ ഈ കോലാഹലങ്ങളെല്ലാം. ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ഏതുപ്രദേശത്തിനും ബാധകമായതുകൊണ്ടു പിറവത്തെ വോട്ടര്‍മാരെയും അത് ചിന്തിപ്പിച്ചേക്കാം. പക്ഷെ അതിനെക്കാളധികം പിറവത്തെ ഇടതുപക്ഷസമൂഹവും പാര്‍ട്ടി ബന്ധുക്കളും ചിന്തിക്കാനിടയുള്ളത് ബ്രാഞ്ച് മുതല്‍ സംസ്ഥാന സമ്മേളനം വരെ നടന്ന കാര്യങ്ങളാണ്. കേരളത്തിലാകെ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ പരീക്ഷണശാലയാണല്ലോ എറണാകുളം ജില്ല. വിഭാഗീയതയുടെ പേരിലുള്ള കുടിയിറക്കുകളും കൂട്ടക്കുരുതികളും കുതികാല്‍വെട്ടുകളും എല്ലാ വൃത്തികേടുകളും അരങ്ങേറിക്കൊണ്ടിരിക്കുന്നതും അവിടെയാണ്.

ഇന്ന് എറണാകുളത്തെ പാര്‍ട്ടി ഭരിക്കുന്നതാരാണ്. ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആരെങ്കിലുമാണോ? രവീന്ദ്രനാഥും ലോറന്‍സും ജോസഫൈനും ശര്‍മ്മയും എല്ലാം ജീവിച്ചിരിക്കുമ്പോള്‍ അവരെയും പാര്‍ട്ടി പ്രവര്‍ത്തകരെ മൊത്തവും അവഹേളിച്ചുെകാണ്ടല്ലേ അവിടെ വിദേശഭരണം അടിച്ചേല്പിച്ചിരിക്കുന്നത്? അവിടുത്തെ തെരഞ്ഞെടുപ്പ് ചുമതല പോലും പിറവത്തുകാര്‍ക്കോ അല്ല തൊട്ടയല്‍പക്കമായ കോട്ടയത്തെ നേതാക്കന്മാര്‍ക്കോ അല്ല. കണ്ണൂര്‍കാരാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പിറവത്തെ ജനങ്ങള്‍ അവരുടെ അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തിയാല്‍ അത് എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട.

സി പി എമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ വി എസ് നടത്തിയ പോരാട്ടം അദ്ദേഹം ഉപേക്ഷിച്ചിരിക്കാം. അതൊന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് സംസ്ഥാന സമ്മേളനം അവസാനിച്ചിരിക്കുന്നത്. എന്റെ രാജിയോടെ അതിനെല്ലാം വീണ്ടും ജീവന്‍ വെക്കും. അതിന്റെ അങ്കലാപ്പാണ് ഈ കോലാഹലങ്ങള്‍ക്കും നെറികെട്ട ആരോപണങ്ങള്‍ക്കും അടിസ്ഥാനം.

ഞാന്‍ യു ഡി എഫില്‍ ചേക്കേറാന്‍ പോകുന്നു എന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നു എന്നുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ ആവര്‍ത്തിച്ചു നിഷേധിച്ചിട്ടും ആ നുണ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആരുടെ ഗൂഢാലോചനയാണ്. എത്രയാണ് അതിനു ചിലവഴിച്ചത്. നാലേകാല്‍ വര്‍ഷം കൂടി കൈവശം വക്കാമായിരുന്ന എം എല്‍ എ സ്ഥാനം വലിച്ചെറിയാന്‍ മടിക്കാത്ത എന്നെപ്പറ്റിയാണ് ഉറപ്പില്ലാത്ത സ്ഥാനാര്‍ത്ഥിത്വത്തിന്റെയും പദവികളുടെയും പേരില്‍ അധിക്ഷേപിക്കുന്നത്. ഒരു കാര്യം കേരളത്തിലെ ജനങ്ങളോട് ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ വലതുപക്ഷരാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയവും ഇല്ല എന്ന വിചാരവും എനിക്കില്ല. എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കുറെയേറെ സാധാരണജനങ്ങള്‍ എന്റെ നാട്ടിലുണ്ട്. അവരെ വഞ്ചിക്കാതെയും അവരുടെയും എന്റെയും ആത്മാഭിമാനം പണയപ്പെടുത്താതെയും പൊതുപ്രവര്‍ത്തനം തുടരാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

എനിക്കുള്ളതെല്ലാം പാര്‍ട്ടി തന്നതാണ് എന്നു പറയുന്നുണ്ട്. അത് ഇപ്പറയുന്നവരെക്കാള്‍ നന്നായി എനിക്കറിയാം. പക്ഷെ അതൊന്നും ആനാവൂര്‍ നാഗപ്പന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പാര്‍ട്ടി തന്നതല്ല. എനിക്ക് പണത്തിനോട് ആര്‍ത്തിതോന്നിയതുകൊണ്ടാണ് ഈ രാജി എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത്. എന്റെ നാലുപതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനജീവിതവും കടകംപള്ളി സുരേന്ദ്രന്റെ പൊതുപ്രവര്‍ത്തനജീവിതവും തിരുവനന്തപുരം ജില്ലയിലെ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഏതെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിന്റെ നിഴലിന്റെ നിഴല്‍ പോലും എന്റെ പൊതുജീവിതത്തില്‍ ഇന്നേവരെ വീണിട്ടില്ല. ഞാന്‍ പഞ്ചായത്ത് തലം മുതല്‍ നിയമസഭാതലം വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ പോലും എന്റെ പൊതുജീവിതത്തിലെ സംശുദ്ധിയെ ചോദ്യം ചെയ്തിട്ടില്ല. സുതാര്യമായ ഒരു പൊതുജീവിതത്തിന് ഉടമയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

എനിക്കതില്‍ മാര്‍ഗ്ഗദര്‍ശികളായത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നിസ്വാര്‍ത്ഥരും ത്യാഗികളുമായ നേതാക്കളുടെ ജീവിതശൈലിയായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ സൂചിപ്പിച്ചതുപോലെ എനിക്കെല്ലാം നേടിത്തന്നത് എന്റെ പാര്‍ട്ടിയാണ്. എന്റെ പാര്‍ട്ടിയറിയാത്ത, എന്റെ പാര്‍ട്ടിയുടെ കയ്യൊപ്പില്ലാത്ത യാതൊന്നും എന്റെ ജീവിതത്തിലില്ല. ഞാന്‍ മാത്രമല്ല ജില്ലയിലെ പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ അത്തരക്കാരാണ്. എന്നാല്‍ കടകംപള്ളി സുരേന്ദ്രനോ? തിരുവനന്തപുരത്തെ പുത്തന്‍കൂറ്റുകാരായ കമ്മ്യൂണിസ്റ്റുകാരുടെ പുറത്തറിയുന്നതും അറിയാത്തതുമായ നിഗൂഢസമ്പത്തിന്റെ വേരുകള്‍ ചെന്നെത്തിനില്ക്കുന്നത് മണിച്ചന്മാര്‍ കുന്നൂകൂട്ടിയിരിക്കുന്ന കള്ളപ്പണത്തിലാണ്. ഇത് ഞാന്‍ പുതുതായി ഉന്നയിക്കുന്ന ഒരു ആരോപണമല്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഫീസില്‍ സൂക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളുടെ പഴയതാളുകള്‍ തുറന്നുനോക്കിയാല്‍ അര്‍ദ്ധരാത്രി സൂര്യനുദിച്ച പ്രതീതിയുണ്ടാകും.

എത്ര എത്ര അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഒരു മേല്‍നടപടിയും ഇല്ലാതെ പൊടിയടിച്ചു കിടക്കുന്നത്. ചങ്കുറപ്പോടെ തന്നെ എനിക്ക് പറയാന്‍ കഴിയും, അക്കൂട്ടത്തിലൊന്നും ആര്‍. ശെല്‍വരാജിന്റെ പേര് കാണില്ല. കടകംപള്ളി സുരേന്ദ്രനോ ആനാവൂര്‍ നാഗപ്പനോ അങ്ങനെ നെഞ്ചില്‍ കൈവച്ചു പറയാനാകുമോ? നേരെമറിച്ച്, എന്റെ പേര് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളിലും, സമരമുഖങ്ങളിലും പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റിയതിന്റെ പട്ടികയിലുമേ കാണൂ. അതുകൊണ്ടാണ് എന്റെ പാര്‍ട്ടി എനിക്ക് എല്ലാം തന്നത്. പാര്‍ട്ടിക്ക് എന്നിലുള്ള വിശ്വാസത്തിന്റെ അടയാളമാണത്. എന്നാല്‍ ഇതിനൊരു മാറ്റം സമീപകാലം മുതലുണ്ടായി. ഞാന്‍ മാത്രമല്ല നിസ്വാര്‍ത്ഥമായി ഒട്ടേറെപ്പേര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായി.

എന്നെപ്പോലെ വിദ്യാര്‍ത്ഥിരാഷ്ട്രീയകാലം മുതല്‍ നിരവധി മര്‍ദ്ദനങ്ങളും ത്യാഗങ്ങളും സഹിച്ച് പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിച്ച് പുതിയ പാര്‍ട്ടിയുടെ രീതികളില്‍ മനം മടുത്ത് പാര്‍ട്ടി പ്രവര്‍ത്തനംതന്നെ മതിയാക്കി കഴിയുന്ന ജില്ലയിലെ ഉശിരന്‍ സഖാവ് ഉണ്ട്. ജില്ലാ കമ്മിറ്റിയില്‍നിന്ന് സ്വയം പടിയിറങ്ങുമ്പോള്‍ സ്ഥാനമാനങ്ങള്‍ വച്ചുനീട്ടിയ നേതാക്കന്മാരോടു അദ്ദേഹം പറഞ്ഞതുതന്നെ ഞാനും പറയുന്നു: ”നിങ്ങളുടെ ഭൃത്യനായിരിക്കാന്‍ ഞാനില്ല”. ഞാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു: ഒരു പാര്‍ട്ടിയുടെയും ഒരു മുന്നണിയുടെയും ദാസ്യവൃത്തിക്ക് ഞാനില്ല. എനിക്ക് അതിന്റെ കൂലിയും വേണ്ടാ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here