പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ എണ്‍പതു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന സന്തോഷ് മാധവന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നു ആഭ്യന്തരവകുപ്പു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു.

അരുണ്‍കുമാറും മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ദീപ്തി പ്രസേനനും ചേര്‍ന്ന് എണ്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മുഖ്യമന്ത്രിക്ക് സന്തോഷ് മാധവന്‍ കത്തയക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ട് മുഖേന അയച്ച കത്തില്‍ 120 ഏക്കര്‍ നെല്‍ വയല്‍ നികത്താനുള്ള അനുമതി നേടിത്തരാമെന്ന് ഉറപ്പു നല്‍കിയാണ് പണം വാങ്ങിയതെന്നും ആരോപിച്ചിരുന്നു.

അരുണിന് എഴുപതും ദീപ്തിക്കു പത്തും ലക്ഷം രൂപാണ് നല്‍കിയത്. കാര്യം നടക്കാത്തതിനു പുറമെ പുറത്തറിഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ദീപ്തി ഭീഷണിപ്പെടുത്തിയതായും അഞ്ചു പേജുള്ള കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതും ബാഹ്യപ്രേരണയിലുള്ളതുമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

പൂജപ്പുര ജയിലില്‍ കഴിയുന്ന പ്രമുഖ രാഷ്ട്രീയ നേതാവും തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു സന്തോഷ് മാധവന്റെ കത്തെന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്. വി.എസിന്റെ മക്കള്‍ക്കെതിരായി നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോപണവും നിലനില്‍ക്കുമെന്നായിരുന്നു ഉപജ്ഞാതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രണ്ടു ദിവസം ചില പത്രങ്ങളിലും വെബ്‌സൈറ്റുകളിലും വന്നു എന്നതൊഴിച്ചാല്‍ കഥ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ചു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും അരുണ്‍കുമാറിന് അനുകൂലമായിരുന്നു. വി.എസിനെ അടിക്കാനുള്ള ഏതു വടിയും ആയുധമാക്കാന്‍ കച്ചകെട്ടിയിരി്ക്കുന്ന ഉമ്മന്‍ചാണ്ടി സന്തോഷ് മാധവന്റെ ആരോപണത്തിലെ നിജസ്ഥിതി അറിഞ്ഞതോടെ തുടര്‍നടപടികളില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here