മാധവന്‍കുട്ടിക്ക് മറുപടി-2

0

എസ്.ചന്ദ്രമോഹന്‍

2003ലെ സിന്‍ഡിക്കേറ്റ് ഉത്തരവാദിത്തമാണ് പത്രത്തിനും എഡിറ്റര്‍ക്കുമെതിരെ മാധവന്‍കുട്ടി ചാര്‍ത്തുന്നത്. വി.എസ്.അച്യുതാനന്ദനും തോമസ് ഐസക്കിനും എം.എ.ബേബിക്കുമെതിരെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എത്തിച്ചു എന്നാണാക്ഷേപം. എന്നാല്‍ ഇതു വസ്തുതാ വിരുദ്ധമാണ്. എല്ലാക്കാലത്തും പത്രത്തിനു പരസ്യമായ നിലപാടുകളാണ്. ജനതാല്‍പര്യത്തിനായി എതിര്‍ക്കേണ്ടതിനെ പരസ്യമായി എതിര്‍ക്കും. ഒളിച്ചിരുന്നുള്ള പരിപാടിയില്ല.

റിച്ചാര്‍ഡ് ഫ്രാങ്കി വിവാദം കവര്‍‌സ്റ്റോറിയാക്കാന്‍ തീരുമാനിക്കുകയും പ്രൊഫ. എസ്.സുധീഷിനോട് ആരോപണങ്ങള്‍ വിശദമായി എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. തോമസ് ഐസക്കിനോടും വിശദമായ മറുപടി എഴുതാന്‍ ആവശ്യപ്പെട്ടു. രണ്ടും തുല്യപ്രാധാന്യത്തോടെ തയാറാക്കിയപ്പോഴാണ്, ചീഫ് എഡിറ്റര്‍ കാക്കനാടന്‍ റിച്ചാര്‍ഡ് ഫ്രാങ്കിയെ ശക്തമായി പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയത്.

കാക്കനാടനും തമ്പി കാക്കനാടനും റിച്ചാര്‍ഡ് ഫ്രാങ്കിയുമായി നേരിട്ട് ദീര്‍ഘനാളത്തെ പരിചയമുണ്ട്. ഇതിലെ ചാര വിവാദം വിവരക്കേടാണെന്നാണ് കാക്കനാടന്‍ എഴുതിയത്. തുടര്‍ന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കവര്‍‌സ്റ്റോറി മാറ്റിവെക്കട്ടേയെന്നു ചോദിച്ചപ്പോള്‍ എല്ലാം പ്രസിദ്ധീകരിക്ക്, സത്യം വായനക്കാര്‍ തിരിച്ചറിയട്ടെ എന്നാണ് കാക്കനാടന്‍ പറഞ്ഞത്. രണ്ടു ലേഖനങ്ങളും ഒരേ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചു.

തുടര്‍ലക്കത്തില്‍ തമ്പി കാക്കനാടന്‍ ഫ്രാങ്കിയേയും ഐസക്കിനേയും ശക്തമായി അനുകൂലിച്ചെഴുതിയ വിശദമായ ലേഖനം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കാക്കനാടന്‍മാര്‍ പറഞ്ഞതാണ് ശരിയെന്നു പിന്നീടു തെളിഞ്ഞു. എം.എ.ബേബി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കാക്കനാടന്റെ അടുത്ത സുഹൃത്താണ്. വ്യക്തമായ തെളിവുകളോടെ ഒരു ആരോപണവും അദ്ദേഹത്തിനെതിരെ വരാത്തതിനാല്‍ പത്രം അദ്ദേഹത്തിനെതിരെ ഒരു ലേഖനവും പ്രസിദ്ധീകരിച്ചില്ല. ചില നയങ്ങളെ വിമര്‍ശിച്ചതൊഴിച്ചാല്‍.

ഞങ്ങള്‍ സ്‌നേഹിക്കുന്ന ബേബിക്കും ഐസക്കിനുമെതിരെ പത്രം സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചു എന്നു ചുമ്മാ ബഡായി അടിച്ചുവിടുന്ന മാധവന്‍കുട്ടിയോട് സഹതപിക്കാം. വയറ്റുപിഴപ്പാണല്ലോ അദ്ദേഹത്തിന്റേയും പ്രശ്‌നം?

യഥാര്‍ഥത്തില്‍ പത്രം ദൈ്വവാരികയും ഇതെഴുതുന്നയാളും സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചത് മറ്റു രണ്ടു വിഷയങ്ങളിലാണ്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലും ലോട്ടറിയും.

ജനങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച അച്യുതാനന്ദനെന്ന കാപട്യക്കാരനോട് ഞങ്ങള്‍ക്കു വലിയ ആരാധനയായിരുന്നു. മൂ്ന്നാറിലും ലോട്ടറിയിലും സജീവസാന്നിധ്യമായിരുന്ന കെ.സുരേഷ് കുമാറിനോട് എനിക്കു സൗഹൃദമുണ്ട്. ഇദ്ദേഹത്തില്‍ നിന്നും പല വിവരങ്ങളും മനസിലാക്കി, പത്രം ദൈ്വവാരികയില്‍ കവര്‍‌സ്റ്റോറിയാക്കുകയും മറ്റു മാധ്യമ സുഹൃത്തുക്കള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റികളിലും മുന്നണി യോഗങ്ങളിലും നടക്കുന്ന ചര്‍ച്ചകളും മനസിലാക്കുകയും പത്രം ദൈ്വവാരികയില്‍ പ്രസിദ്ധീകരിക്കുകയും മറ്റു മാധ്യമസുഹൃത്തുക്കളുമായി വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.

ഇതാണ് സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം എന്നാണ് മാധവന്‍കുട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ ഇനിയും ഇതു തന്നെ ചെയ്യും എന്ന് വിനയത്തോടെ അറിയിക്കുന്നു. ഇതില്‍ രഹസ്യ ഏര്‍പ്പാടൊന്നുമില്ല. പത്രം ദൈ്വവാരികയിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ ഈ വിവരങ്ങള്‍ എത്തിയിട്ടുണ്ട്. പരസ്യമായി എതിര്‍ക്കാന്‍ ആര്‍ജവമുണ്ടെങ്കില്‍ എന്തിനു രഹസ്യ സിന്‍ഡിക്കേറ്റ്?

ഇടതു സര്‍ക്കാരിലും ഇടതു പാര്‍ട്ടികളിലും മാത്രമല്ല, യു.ഡി.എഫ് സര്‍ക്കാരിലും കോണ്‍ഗ്രസിലുമുള്ള വിവാദവിഷയങ്ങളും ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുകയും മറ്റു മാധ്യമ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അത് അന്തസുള്ള ഈ തൊഴിലിന്റെ ഭാഗം. ജനങ്ങളുടെ ശരിയുടെ പക്ഷം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവക്കാണ് പത്രം പ്രാധാന്യം നല്‍കുന്നത്.

പത്രം ദൈ്വവാരികയേയും എഡിറ്ററേയും മാത്രമല്ല അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിന്റെ നീതിപീഠത്തില്‍ കയറിയിരുന്ന് വിധിക്കുന്നത്. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഗൗരീദാസന്‍ നായര്‍, ജി.വിനോദ്, വിനോദിന്റെ ഭാര്യയും ഏഷ്യാനെറ്റ് പ്രതിനിധിയുമായ സിന്ധു, എം.വി.നികേഷ് കുമാര്‍, പി.കിഷോര്‍, പി.കെ.പ്രകാശ്, ജയചന്ദ്രന്‍ ഇലങ്കത്ത്, എം.പി.ബഷീര്‍ തുടങ്ങിയവരേയും സിന്‍ഡിക്കേറ്റായി മാധവന്‍കുട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. കുറ്റവും സ്ഥാപിച്ചു. ഇനി ശിക്ഷ വിധിച്ചാല്‍ മതി.

മൂന്നാര്‍, ലോട്ടറി വിഷയങ്ങളില്‍ സത്യസന്ധവും ധീരവുമായ നിലപാടുകളെടുത്ത കെ.സുരേഷ് കുമാറിനെ ആദ്യം കാലുവാരിയത് വി.എസ് തന്നെയായിരുന്നു. പിന്നീട് പിണറായി നേതൃത്വം നല്‍കുന്ന സി.പി.എം ഔദ്യോഗികപക്ഷം അദ്ദേഹത്തെ പരമാവധി ദ്രോഹിക്കുകയും മൂലയ്ക്കിരുത്തുകയും ചെയ്തു. താനടങ്ങുന്ന അധികാര വൃന്ദം സുരേഷ് കുമാറിനെ ഒതുക്കിയത് ചൂണ്ടിക്കാട്ടി മാധവന്‍കുട്ടി പരിഹസിച്ചു പൊട്ടിച്ചിരിക്കുന്നു-എവിടെ പുലി? എവിടെപ്പോയി…

ജനങ്ങള്‍ക്കൊപ്പം നിന്നു പോരാടിയവരൊക്കെ മാധവന്‍കുട്ടിക്കു പുഴുക്കള്‍, താന്‍ മാത്രം കേമന്‍.

ഒരു പത്രത്തിന്റെ നയവും വീക്ഷണവും തീരുമാനിക്കേണ്ടത് അതിന്റെ പത്രാധിപന്മാരാണ്. മാധവന്‍കുട്ടി പുരപ്പുറത്തു കയറി നിന്ന് എല്ലാ പത്രാധിപന്മാരും ഇങ്ങനെ പ്രവര്‍ത്തിക്കണമെന്നു ഡിക്‌റ്റേഷന്‍ നല്‍കേണ്ടതില്ല. അദ്ദേഹം ദേശാഭിമാനിയുടെ കാര്യം നോക്കിയാല്‍ മതി. (അതിനകത്തുള്ളവര്‍ അനുവദിക്കുമെങ്കില്‍). മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കും മുന്‍പ് അധികാര കേന്ദ്രങ്ങളുടെ വക്കാലത്ത് വലിഞ്ഞു കയറി ഏറ്റെടുത്ത് സ്വയം അപഹാസ്യനാവുന്ന തന്നെത്തന്നെ തിരിച്ചറിയാന്‍ ശ്രമിക്കുക.

മാധവന്‍കുട്ടി ഇത്രയേറെ ക്ഷുഭിതനാവുന്നതും കണ്ണുരുട്ടി താടിമീശ വിറപ്പിച്ച് ഉറഞ്ഞുതുള്ളുന്നതും എന്തിനു വേണ്ടിയാണെന്നു മനസിലാവുന്നില്ല. രാഷ്ട്രീയ യജമാനന്‍മാരെ സുഖിപ്പിക്കാനാവാം. ‘ഞാന്‍ അവനെയൊക്കെ പേരെടുത്തു പറഞ്ഞു തകര്‍ത്തിട്ടുണ്ട്, ഇനി അവനൊന്നും തല പൊക്കില്ല’ എന്നാവും മാധവന്‍കുട്ടി യജമാനന്‍മാര്‍ക്കു മുന്നില്‍ ഞെളിയുന്നത്. എന്നാല്‍ മാധവന്‍കുട്ടിയുടെ വാക്ശരങ്ങള്‍ ഒരു തരം ഇക്കിൡും തമാശയും മാത്രമാണ് എന്നെപ്പോലുള്ളവരില്‍ ഉളവാക്കുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ചരിത്രവും ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങളുടെ ഉളുപ്പില്ലായ്മയും തിരിച്ചറിയുന്നവര്‍ക്ക്.

90കളുടെ ആദ്യപാദത്തിലാണ് സി.പി.എമ്മിലെ അധികാരമത്സരവും തമ്മിലടിയും മൂര്‍ച്ഛിച്ചത്. 91ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13 ജില്ലകളും തൂത്തുവാരിയ ഇടതു മുന്നണി, സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് ആറു മാസം മുമ്പു തന്നെ തെരഞ്ഞെടുപ്പ് മത്സരരംഗത്തിറങ്ങി. മത്സരിച്ചു ജയിച്ചു മുഖ്യമന്ത്രിയാവുക എന്നതായിരുന്നു വി.എസിന്റെ ലക്ഷ്യം. എന്നാല്‍ രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ യു.ഡി.എഫ് വന്‍വിജയം നേടി. 92ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തിനായി നായനാരോട് മത്സരിച്ച് അച്യുതാനന്ദന്‍ തോറ്റു.

ഈ ഘട്ടത്തിലാണ് മീഡിയാ സിന്‍ഡിക്കേറ്റ് എന്ന് സി.പി.എം നേതാക്കള്‍ ഇന്നു വിശേഷിപ്പിക്കുന്ന സംവിധാനം രൂപപ്പെട്ടു വരുന്നത്. വി.എസിനെ ശക്തമായി പിന്തുണച്ചിരുന്ന കേരളാ കൗമുദി ദിനപത്രത്തിലെ ഒരു പ്രധാന ലേഖകന്‍ അച്യുതാനന്ദനോടൊപ്പം കൂടി ചില വാര്‍ത്തകള്‍ സൃഷ്ടിച്ചു. വി.എസ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ ദേശാഭിമാനിക്കാരെ പോലും അറിയിച്ചില്ലെങ്കിലും കേരളാ കൗമുദിയിലെ പ്രധാനി ഒപ്പമുണ്ടായിരുന്നു. പാമോയില്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഈ ലേഖകന്‍വി.എസിനു വേണ്ടി പല പത്രങ്ങള്‍ക്കും വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടെന്ന് അന്നു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. 96ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചെങ്കിലും വി.എസ് മാരാരിക്കുളത്ത് അപ്രതീക്ഷിതമായി തോറ്റു. ഇത് നായനാര്‍ പക്ഷം മനഃപൂര്‍വം കാലുവാരിയതാണെന്നു വാര്‍ത്തകളുണ്ടായി.

സുശീലാഗോപാലനെ മുഖ്യമന്ത്രിയാക്കാനുള്ള നായനാര്‍ ഗ്രൂപ്പിന്റെ നീക്കം വി.എസ് തകര്‍ത്തത് എതിര്‍ഗ്രൂപ്പു നേതാവായ നായനാരെ തന്നെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചുകൊണ്ടാണ്. ഇതോടെ നായനാര്‍ ഗ്രൂപ്പ് ഇല്ലാതായി. സി.ഐ.ടി.യു പക്ഷം എന്ന പുതിയ ഗ്രൂപ്പ് രൂപപ്പെട്ടു. ഇതിന്റെ തുടര്‍ചലനങ്ങള്‍ 98ല്‍ പാലക്കാട് നടന്ന സംസ്ഥാനസമ്മേളനം വരെ നീണ്ടു. പാലക്കാട് സമ്മേളനത്തില്‍ സി.ഐ.ടി.യു ഗ്രൂപ്പിലെ ആറു പ്രമുഖരെ വെട്ടിനിരത്തി വി.എസും പിണറായിയും ഉള്‍പ്പെട്ട സംഘം പാര്‍ട്ടി നിയന്ത്രണത്തിലാക്കി.

ഈ ഘട്ടത്തിലായിരുന്നു യഥാര്‍ഥ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പുഷ്‌കലകാലം. തലസ്ഥാനത്തെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മാധവന്‍കുട്ടിയും ഈ കോക്കസില്‍ സജീവമായി പ്രവര്‍ത്തിച്ചു. ബേബി, ഐസക്ക് എന്നിവര്‍ അന്നു വി.എസിനൊപ്പമാണ്. ഈ ഘട്ടത്തിലാണ് പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയും വി.എസ്് പാര്‍ട്ടി പിടിച്ചെടുക്കുമെന്നു പേരിവച്ച് വാര്‍ത്തയെഴുതിയും മാധവന്‍കുട്ടി ഈ കോക്കസിന്റെ ഭാഗമായത്. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്തകള്‍ ഇതിനു തെളിവാണ്. പിന്നീടാണ് മാധവന്‍കുട്ടി വി.എസിന്റെ ശത്രുവായത്. അപ്പോഴാണ് മാധവന്‍കുട്ടിക്കു സിന്‍ഡിക്കേറ്റ് നിഷിദ്ധമായത്. തനിക്കെന്തുമാകാം. മറ്റുള്ളവര്‍ക്കു പാടില്ല.

ഒരായുസിന്റെ മുക്കാല്‍ പങ്കും സി.പി.എം എന്ന പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ കുത്തകപത്രത്തില്‍ പേനയുന്തുകയും റിട്ടയര്‍മെന്റിനു ശേഷം ഒരു താവളം കണ്ടെത്താന്‍ മറുകണ്ടം ചാടി, ചെങ്കുപ്പായം എടുത്തണിഞ്ഞ് ഒറ്റുകാരന്‍ വരുന്നേ എന്ന് ആക്രോശിക്കുകയും ചെയ്യുന്നവരെപ്പറ്റി കാള്‍ മാര്‍ക്‌സ് എന്താണ് വിവക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ല.

എന്നാല്‍ നാടന്‍ ഭാഷയില്‍ നമ്മുടെ തനിനാട്ടിന്‍ പുറത്തുകാര്‍ അതിനൊരു പേരിട്ടിട്ടുണ്ട്. മാധവന്‍കുട്ടിയുടെ സംസ്‌കാരം അനുകരിക്കാന്‍ മനസ് സമ്മതിക്കാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല..

(കടപ്പാട്; പത്രം ദൈ്വവാരിക)


Loading...

LEAVE A REPLY

Please enter your comment!
Please enter your name here