മെയ് മാസം അധികാരമേറ്റ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ഓണം കേരളീയരെ സംബന്ധിച്ചിടത്തോളം വിലയേറിയ ഒന്നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വാണം വിട്ടതു പോലെ കുതിച്ചുയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ജി.സുധാകരനും സി.ദിവാകരനുമൊക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിപണിയില്‍ ഇടപെടല്‍ ഇത്തവണ ഫലപ്രദമായി ഉണ്ടാവുമെന്നു കരുതാനുമാവില്ല.

അടിക്കടിയുള്ള ഇന്ധനവിലവര്‍ധനയില്‍ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ഒരു ജനതയായി ഉപഭോക്തൃ സംസ്ഥാനമായ കേരളീയര്‍ മാറിക്കഴിഞ്ഞു. മധ്യവര്‍ഗവും പാവപ്പെട്ടവരുമാണ് സംസ്ഥാനത്തിലെ ഭൂരിഭാഗവുമെന്നതുകൊണ്ട് ഒരോ വിലക്കയറ്റവും അവരെ നേരിട്ടു ബാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. യു.ഡി.എഫിനെ അധികാരത്തിലെത്തിച്ച ജനത്തിന് ആദ്യം നന്ദി പറഞ്ഞത് കേന്ദ്ര സര്‍ക്കാരായിരുന്നു.

മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില കുത്തനെ ഉയര്‍ത്തി. സബ്‌സിഡികള്‍ എടുത്തുകളഞ്ഞു. വര്‍ഷത്തില്‍ നാലു സിലിണ്ടര്‍ എന്ന വിചിത്രമായ തീരുമാനമെടുക്കാനിരിക്കുന്നു. ഇതെല്ലാം കേട്ടു കണ്ണു തള്ളി നില്‍ക്കുമ്പോഴാണ് വെളളക്കരം, വൈദ്യതി നിരക്ക്, ബസ് ചാര്‍ജ് തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുന്നത്. അടുത്തു വരാനിരിക്കുന്നത് ചരക്കു കൂലി വര്‍ധനയാണ്.

ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുഗതാഗതം വിലയേറിയ ഒന്നായി മാറും. ചുരുക്കത്തില്‍ മലയാളിയുടെ മാസ ബജറ്റില്‍ ആയിരങ്ങളുടെ അധികച്ചെലവാണ് ഓണമാകുമ്പോഴേക്കും സര്‍ക്കാര്‍ വരുത്തി വെക്കാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തെ നേരിടാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നതായി സൂചന ഇതുവരെയില്ല. സ്വാഭാവികമായും ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഓണമായിരിക്കും ഇത്തവണ മലയാളിയെ കാത്തു നില്‍ക്കുന്നതെന്നു ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here