പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിലക്കു മറികടന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനെതിരെ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കാന്‍ ഔദ്യോഗികപക്ഷം തീരുമാനിച്ചു.

ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വി.എസ് ബര്‍ലിനെ കാണരുതെന്ന തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ട് ഇക്കാര്യം വി.എസിനെ അറിയിക്കുകയും ചെയ്തു. ബര്‍ലിന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കില്ലെന്നു വി.എസ് അറിയിച്ചു.

എന്നാല്‍ ഇക്കാര്യം പരസ്യമാക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അവഹേളിക്കുകയായിരുന്നു വി.എസ് ചെയ്തതെന്ന വികാരം ഔദ്യോഗികപക്ഷത്തിനുണ്ട്. ഇക്കാര്യം ഗൗരവമേറിയ വിഷയമാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അവര്‍ പറയുന്നു. പാര്‍ട്ടി സംഘടനാ സംവിധാനങ്ങളെ വെല്ലുവിളിച്ചുള്ള ഒറ്റയാന്‍ പോക്ക് ആസന്നമായ സംഘടനാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്നും അവര്‍ കണക്കുകൂട്ടുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും വി.എസിനെതിരെ രേഖാമൂലം പരാതി നല്‍കുക. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here