തുടര്‍ഭൂചനങ്ങളില്‍ ഇടുക്കി ജില്ല വിറക്കുമ്പോള്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടേയും ഉള്ളു വിറയ്ക്കും. കാരണം ഏതാനും കിലോ മീറ്റര്‍ അപ്പുറത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ദുര്‍ബലമെന്നു വിലയിരുത്തപ്പെടുകയും ചെയ്തിട്ടുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടു നിലനില്‍ക്കുന്നത്.

ചെറുതും വലുതുമായ എട്ടു ചലനങ്ങളാണ് അഞ്ചു മണിക്കൂറിനുള്ളില്‍ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഉപ്പുതുറ, കട്ടപ്പന, കുമളി, ചെറുതോണി, കുളമാവ്, മൂലമറ്റം, കോട്ടയം ജില്ലയിലെ വാഗമണ്‍, ഇളംദേശം, ഇളങ്കാട്, ഏന്തയാര്‍, തുടങ്ങനാട്, അടിവാരം, മേലുകാവ്, മൂന്നിലവ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും അറുപതു കിലോമീറ്റര്‍ ആകാശദൂരം അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇത്രഗുരുതരമായിട്ടും എന്തെങ്കിലും ക്രിയാത്മക നടപടി സ്വീകരിക്കുന്നതിനു മാറി മാറി കേരളം ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല. അണക്കെട്ടിനു സംഭവിക്കുന്ന ഏത് അപകടവും മധ്യകേരളത്തെ മുച്ചൂടും മുടിക്കുമെന്ന വസ്തുത ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു.

പുതിയ ഡാം എന്ന ആശയവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ തുടര്‍ഭൂചലനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാവേണ്ടതുണ്ട്. ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്നു ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

അണക്കെട്ടിനുണ്ടാകുന്ന ഏതപകടവും ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ നാല്‍പതു ലക്ഷം ജനങ്ങളെ നേരിട്ടു ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡാം ദുര്‍ബലാവസ്ഥിയാലാണെന്നതിനു ഒന്നിലേറെ റിപ്പോര്‍ട്ടുകളുടെ പിന്‍ബലവുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂകമ്പങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്ത് ശക്തമായ ഇടപെടലാണ് ജനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here