സദാചാര പോലീസുകാര്‍

0
13

ആണും പെണ്ണും ഒരുമിച്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതു കാണുമ്പോള്‍ അസ്വസ്ഥത തോന്നുകയും പ്രതികരിക്കുകയും ചെയ്യുന്ന ഞരമ്പുരോഗികളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികതയില്‍ അധിഷ്ഠിതമായ ബന്ധം മാത്രമേ ഉണ്ടാവൂ എന്ന വികലമായ ധാരണയില്‍ നിന്നാണ് ഇത്തരം പുഴുക്കുത്തുകള്‍ സമൂഹത്തില്‍ സജീവമാകുന്നത്.

തിരുവനന്തപുരം കവടിയാറില്‍ ഭാര്യക്കും ഭാര്യാമാതാവിനുമൊപ്പം വാഹനത്തില്‍ എത്തിയ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനെ അനാശാസ്യം ആരോപിച്ചു സമീപവാസികളായ മൂന്നു പേര്‍ മര്‍ദിച്ച സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിന്റെ ആവശ്യം കഴിഞ്ഞില്ലേ, ഇനി സ്ത്രീകളെ ഞങ്ങള്‍ക്കു വിട്ടുതാ എന്ന് ആക്രോശിച്ചായിരുന്നു കവടിയാര്‍ ശ്രീവിലാസം ലയിന്‍ വട്ടവിളാകത്തു വീട്ടില്‍ രഘുരാജ്, സഹോദരനായ പൈപ്പ്‌ലൈന്‍ റോഡ് കൈലാസം വീട്ടില്‍ എസ്.അനില്‍, ശ്രീവിലാസം ലൈന്‍ ഗീതാ നിവാസില്‍ ബി.എസ്.ഷിജു എന്നിവര്‍ യുവാവിനെ ആക്രമിച്ചത്.

കൊച്ചിയില്‍ കാക്കനാട് എന്‍.ജി.ഒ കവാര്‍ട്ടേഴ്‌സിനു സമീപം സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന തസ്‌നി ബാനുവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മര്‍ദിച്ചതിന്റെ ചര്‍ച്ചകള്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. സദാചാര പോലീസ് ചമച്ചെത്തുന്നവര്‍ ചോദിക്കുന്നതും സ്ത്രീകളെത്തന്നെയാണ് എന്നതാണ് ഇവരുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന കാര്യം. ലൈംഗിക ദാരിദ്ര്യം ശരിക്കും അനുഭവിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത.

ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ പോലും മറ്റുള്ളവരുടെ സദാചാരത്തിലേക്ക് എത്തിനോക്കുന്നതിലാണ് താല്‍പര്യം കാണിക്കുന്നത്. കഴിഞ്ഞ മാസം കനകക്കുന്നു കൊട്ടാരത്തില്‍ സല്ലപിക്കാനെത്തിയ പ്രണയിനികളെ ചിലര്‍ ഓടിക്കുന്നതിന്റെ ചിത്രം സീരീസായി കേരളാ കൗമുദി അച്ചടിച്ചത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. പപ്പരാസി സംസ്‌കാരത്തിന്റെ വികലമായ അനുകരണത്തിലേക്കു നമ്മുടെ മാധ്യമങ്ങള്‍ കൂടി പോകുമ്പോള്‍ സ്വകാര്യത ഒരു വലിയ സ്വപ്‌നം മാത്രമായി അവശേഷിക്കാനും സാധ്യതയുണ്ട്.

ആണ്‍-പെണ്‍ സൗഹൃദങ്ങളെക്കുറിച്ചുള്ള വികലമായ ധാരണകള്‍ മാറ്റിയെടുക്കുക എന്നത് പെണ്ണിനെ വെറും ഉപയോഗിക്കാനുള്ള ഉപകരണം മാത്രമായി കാണുന്ന ഒരു ജനതക്കിടയില്‍ എളുപ്പമല്ല. കാലം മാറുന്നതിനനുസരിച്ച് രാത്രിപകലില്ലാതെ പുരുഷനൊപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ തിരുവനന്തപുരം, കൊച്ചി പോലുള്ള നഗരങ്ങളില്‍ ധാരാളമുണ്ട്. അവരുടെ ജീവനും മാനത്തിനും യാതൊരു ഉറപ്പും നല്‍കാന്‍ കഴിയാത്ത നാണംകെട്ട പുരുഷവര്‍ഗമായി കേരളത്തിലേതു അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലും സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ക്കോ സ്ത്രീകള്‍ക്കെതിരായ മറ്റ് അതിക്രമങ്ങള്‍ക്കോ യാതൊരു കുറവുമില്ല. ക്രൈം റെക്കോഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരമനുസരിച്ച്‌ 2008, 2009 വര്‍ഷങ്ങളില്‍ 568 വീതം ബലാത്സംഗക്കേസുകളാണുണ്ടായത്‌. 2010ല്‍ ഇത്‌ 634 ആയി ഉയര്‍ന്നു.

എന്നാല്‍ 2011 ജൂണ്‍ വരെ ആറുമാസം കൊണ്ട്‌ 546 കേസുകള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ്‌. ബലാത്സംഗക്കേസുകളില്‍ കാസര്‍ഗോഡ്‌ പോലീസ്‌ ജില്ലയാണു മുന്നില്‍ – 96 എണ്ണം. ഈ വര്‍ഷം ജൂണ്‍ വരെ 54 ബലാത്സംഗക്കേസുകളെടുത്ത തിരുവനന്തപുരം റൂറല്‍ രണ്ടാമതും 46 കേസുകളോടെ പാലക്കാട്‌ മൂന്നാമതുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here