വി.എസ്.അച്യുതാനന്ദനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ലോക്‌സഭാംഗവുമായ എം.ബി.രാജേഷ് ലക്ഷ്യമിടുന്നതു സി.പി.എം സംസ്ഥാന സമിതിയംഗത്വം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലെത്തുന്നതിന്റെ ഭാഗമായാണ് രാജേഷിന്റെ നീക്കങ്ങള്‍.

പാലക്കാട് ജില്ലയിലെ കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു എസ്.എഫ്.ഐയുടെ ഈ മുന്‍ സംസ്ഥാന സെക്രട്ടറി. എന്നാല്‍ മലപ്പുറം സമ്മേളനത്തിനു ശേഷം നടന്ന ധ്രുവീകരണത്തില്‍ അദ്ദേഹം ഔദ്യോഗികപക്ഷത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്നു പാലക്കാട് സീറ്റില്‍ ലോക്‌സഭയിലേക്കു മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. വിജയിച്ചെങ്കിലും തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസ് മുതല്‍ വി.എസിന്റെ പേഴ്‌സണല്‍ സെക്രട്ടറി എ.സുരേഷ് വരെയുള്ളവര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കി.

ഈ പശ്ചാത്തലത്തിലാണ് സി.പി.എം കോഴിക്കോട് സമ്മേളനം പ്രഖ്യാപിക്കുന്നത്. ഡി.വൈ.എഫ്.ഐയില്‍ നിന്നും ഒരാള്‍ക്ക് സംസ്ഥാന സമിതിയില്‍ അംഗമാകാന്‍ അവസരമുണ്ട്. കോട്ടയം സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തതുകൊണ്ട് അവസരമുണ്ടായിരുന്നില്ല. സ്വാഭാവികമായും അടുത്ത സമ്മേളനത്തില്‍ സ്വന്തം ഇടം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രധാന നേതാക്കള്‍.

കണ്ണൂര്‍ ജില്ലക്കാരനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്തനും നിയമസഭാംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ ടി.വി.രാജേഷാണ് സംസ്ഥാന സമിതിയിലേക്കു പരിഗണിക്കപ്പെടുന്ന ആദ്യത്തെ ആള്‍. ഈ സാഹചര്യത്തെ മറികടക്കാനാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയുമായി വി.എസിനെതിരെ പ്രസ്താവന നടത്തി എം.ബി.രാജേഷ് രംഗത്തു വന്നിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ ചിലര്‍ എപ്പോഴും പറയുന്നത് എളുപ്പത്തില്‍ കൈയ്യടി നേടാനാണെന്നാണ് എം.ബി.രാജേഷ് പറഞ്ഞത്. കണ്ണൂരില്‍ ഡി.വൈ.എഫ്.ഐയുടെ കണ്‍വെന്‍ഷനിലാണ് വിഎസിന്റെ പേരെടുത്തു പറയാതെ രാജേഷ് വിമര്‍ശിച്ചത്. കുഞ്ഞാലിക്കുട്ടിയ്ക്കും ബാലകൃഷ്ണനുമെതിരെ സംസാരിക്കുമ്പോള്‍ സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തമസ്‌കരിക്കപ്പെടുകയാണ്. ഇത് അധ്വാനമില്ലാത്ത പണിയും അരാഷ്ട്രീയ നടപടിയുമാണ്. ചെറുപ്പക്കാര്‍ ഈ രീതി പിന്തുടരുന്നത് ശരിയല്ലെന്നും രാജേഷ് പറഞ്ഞു.

എന്നാല്‍ ഡിവൈഎഫ്‌ഐ കണ്‍വെന്‍ഷനില്‍ താന്‍ വിഎസിനെതിരെ പ്രസംഗിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് രാജേഷ് പിന്നീട് പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കിടെ ചെറിയ കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ചിലര്‍ വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ സി.പി.എം സംസ്ഥാന സമിതിയംഗത്വത്തിനായുള്ള നീക്കമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here