മാധവന്‍കുട്ടിക്ക് മറുപടി ഭാഗം ഒന്ന്

0

എസ്.ചന്ദ്രമോഹന്‍

സി.പി.എം സംസ്ഥാന സമ്മേളനത്തിനു ശേഷം സംസ്ഥാനത്തു നിലനില്‍ക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചു വിപുലമായ ചര്‍ച്ചകളാണ് വാര്‍ത്താ മാധ്യമങ്ങള്‍ സംഘടിപ്പിച്ചത്. സമ്മേളനം കഴിഞ്ഞാലും എരിവും പുളിയും നിലനിര്‍ത്തണം. ഏതായാലും സിന്‍ഡിക്കേറ്റ് ചര്‍ച്ച കൊഴുത്തു.

ഭാഗ്യവശാല്‍ ഈ ചര്‍ച്ചയുടെ ഭാഗമാകാന്‍ പത്രം ദൈ്വവാരികയ്ക്കും സാധിച്ചു. ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് പത്രം ദൈ്വവാരികയേയും അതിന്റെ മാനേജിംഗ് എഡിറ്റര്‍ എസ്.ചന്ദ്രമോഹന്‍ എന്ന ഈയുള്ളവനേയും മാധ്യമ സിന്‍ഡിക്കേറ്റായി പ്രഖ്യാപിച്ചത്. ഭാഗ്യം.

ആരോപണം എഡിറ്റര്‍ക്കെതിരെ ആയതുകൊണ്ട് ഈ ലേഖനത്തില്‍ ഇതെഴുതുന്നതയാളെക്കുറിച്ച് സ്വയം പരാമര്‍ശം നടത്തുക എന്ന അറുബോറന്‍ ഇടപാടിന് വായനക്കാര്‍ ക്ഷമിക്കുക. ” തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം എന്ന ചെറിയ മാഗസിനുണ്ട്. അതിന്റെ എഡിറ്റര്‍ ചന്ദ്രമോഹന്‍ എന്നൊരാളുണ്ട്. അയാളിലൂടെ സി.പി.എമ്മിനെതിരേയും ഔദ്യോഗികനേതൃത്വത്തിനെതിരേയും അസത്യവാര്‍ത്തകള്‍ നിരന്തരം ഞാന്‍ എഡിറ്ററായിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മുഖ്യധാരാമാധ്യമങ്ങളില്‍ കൊടുത്തുകൊണ്ടിരുന്നു. പിന്നീട് ഞാനിത് എന്റെ പത്രത്തില്‍ നിര്‍ത്തിച്ചു”

ഇതാണ് ഉദാരമനസ്‌കനായ എന്‍.മാധവന്‍കുട്ടി പത്രത്തെക്കുറിച്ചും എന്നെക്കുറിച്ചും പറഞ്ഞത്. ഞാനിത്ര വലിയ ആളോ എന്ന ഞെട്ടലഭിമാനത്തോടെ കേട്ടിരുന്നപ്പോള്‍ പലതും മനസിലൂടെ കടന്നുപോയി. ഞാന്‍ ഗുരുസ്ഥാനീയനായി കാണുന്ന എന്‍.മാധവന്‍കുട്ടിയെ എനിക്ക് ആക്ഷേപിക്കാന്‍ അവകാശമില്ലാത്തതിനാല്‍ അതിനൊന്നും ശ്രമിക്കാതെ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് എന്‍.മാധവന്‍കുട്ടിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംവിധാനത്തോടുമുള്ള കുമ്പസാരമായും കണക്കാക്കാം.

ദേശാഭിമാനിയില്‍ ജോലി ചെയ്തിരുന്ന എന്നെ സമകാലിക മലയാളം വാരികയിലേക്കു ശുപാര്‍ശ ചെയ്തതും നിയമിച്ചതും മാധവന്‍കുട്ടിയാണ്. പിന്നീട് അദ്ദേഹം ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റായി എത്തിയപ്പോഴും സന്തോഷം തോന്നി. കാരണം കേരളത്തിലെ ജേര്‍ണലിസ്റ്റുകളില്‍ ബുദ്ധി കൊണ്ടും വിശകലന പാടവം കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റാണ് എന്‍.മാധവന്‍കുട്ടി. ഏകദേശം 15 വര്‍ഷം മുന്‍പ് ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം സ്വന്തം അനുഭവം വിവരിച്ചത് ഓര്‍മ്മയുണ്ട്.

ഇ.കെ.നായനാര്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളെ കളിയാക്കി സഖാവ് കത്തിക്കയറുമ്പോഴാണ് പ്രസംഗം ഇന്ത്യന്‍ എക്‌സ്പ്രസിനായി റിപ്പോര്‍ട്ടു ചെയ്യാന്‍ മാധവന്‍കുട്ടി കടന്നുവരുന്നത്. ഇതാ വരുന്നു ഒരു ബൂര്‍ഷ്വാ മാധ്യമക്കാരന്‍ നായനാര്‍ എന്‍.മാധവന്‍കുട്ടിയെ ചൂണ്ടി പറഞ്ഞു. നില്‍ക്കണോ, ഓടണോ എന്നറിയാതെ പകച്ചു നിന്ന കാര്യം പറഞ്ഞു മാധവന്‍കുട്ടി ചിരിച്ചു.

ഇന്ന് നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇതാ വരുന്നു സഖാവ് മാധവന്‍കുട്ടി എന്നു പറഞ്ഞേനെ! ഇന്ത്യയിലെ കുത്തക മുതലാൡഗ്രൂപ്പായ ഗോയങ്ക കുടുംബത്തിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്ത മാധവന്‍കുട്ടി റിട്ടയര്‍മെന്റിനു ശേഷമെങ്കിലും ഈ നാട്ടിലെ കൂലിപ്പണിക്കാരന്റെ അത്താണിയായ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടന്റ് എഡിറ്ററായി മാറിയത് നല്ലകാര്യം. മനുഷ്യ മനസില്‍ മാറ്റമുണ്ടാവുകയും 60 വയസുവരെ എതിര്‍ത്തുകൊണ്ടിരുന്നതിനെ മനംമാറ്റം വന്നു വരിക്കുകയും ചെയ്ത മഹാമനസ്‌കതയും നല്ലത്.

എന്നാല്‍ മാധവന്‍കുട്ടി ചില സ്ഥാനമാനങ്ങള്‍ നേടാനായി എം.എ.ബേബിയേയും ഡോ.തോമസ് ഐസക്കിനേയും പിണറായി വിജയനേയും മണിയകിക്കുകയാണെന്നു മാധ്യമ സുഹൃത്തുക്കള്‍ക്കിടയില്‍ വ്യാപകമായ സംസാരമുണ്ടായി. മനുഷ്യാവകാശ കമ്മീഷന്റെ അംഗമാകാനും വിവരാവകാശ കമ്മീഷണറാവാനും അദ്ദേഹം ശ്രമിച്ചുവത്രേ. ഈ ഫയലുകള്‍ വെട്ടി ദൂരെ കളഞ്ഞതു വി.എസ്.അച്യുതാനന്ദനാണെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കിടയില്‍ സംസാരമുണ്ടായി. ഇതിന്റെ സത്യാവസ്ഥ ഇതുവരെ വെളിവായിട്ടില്ല.

എന്നാല്‍ എന്‍.മാധവന്‍കുട്ടി പിണറായി വിജയന്റേയും ബേബിയുടേയും ഐസക്കിന്റേയും കാര്യത്തില്‍ കാണിക്കുന്ന അമിതാവേശവും വിക്ഷുബ്ദ വികാര പ്രകടനങ്ങളും അദ്ദേഹമൊരു ഭൈമീകാമുകനല്ലേയെന്നു എന്നെപ്പോലുള്ള സിന്‍ഡിക്കേറ്റ് അല്‍പ്പബുദ്ധികളില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്. ഏതായാലും ദേശാഭിമാനി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്ന പദവി ദേശാഭിമാനിക്കുള്ളിലെ എതിര്‍പ്പുകള്‍ മറികടന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍ സംശയങ്ങള്‍ ഏറെക്കുറെ ശരിയായി.

ദേശാഭിമാനിയോടും ദേശാഭിമാനിക്കാരോടും മാധവന്‍കുട്ടിക്ക് പരമ പരിഹാസമായിരുന്നു എന്ന് അദ്ദേഹവുമായി പലവട്ടം സംസാരിച്ചിട്ടുള്ള എനിക്കു വ്യക്തായും അറിയാം. കമ്യൂണിസ്റ്റു പാര്‍ട്ടിയോടും പാര്‍ട്ടി നേതാക്കളോടും അക്കാലത്ത് അദ്ദേഹത്തിന് പുച്ഛമായിരുന്നു. ദേശാഭിമാനിയെ അന്നു നയിച്ചിരുന്നവരെല്ലാം വിവരമില്ലാത്തവര്‍ എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.

ഇതുവായിക്കുമ്പോള്‍ എന്റെ മനസിലുള്ളതു മുഴുവന്‍ തുറന്നുപറയാന്‍ അടുപ്പമുള്ളയാളാണ് എന്‍.മാധവന്‍കുട്ടിക്ക് ഞാന്‍ എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. നേരെ മറിച്ചാണ് കാര്യങ്ങള്‍. 1998ല്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു കീഴിലുള്ള മലയാളം വാരികയില്‍ ചേരുമ്പോള്‍ പത്രത്തിന്റേയും വാരികയുടേയും ബ്യൂറോ ഒന്നാണ്. റസിഡന്റ് എഡിറ്ററായ എന്‍.മാധവന്‍കുട്ടിയുടെ മുറിയോടു ചേര്‍ന്നാണ് ബ്യൂറോ.

ജോണ്‍ മേരി, ഉദയകുമാര്‍, എന്‍.നരേന്ദ്രന്‍, ഗില്‍വസ്റ്റര്‍, അരുണ്‍, ഫോട്ടോഗ്രാഫര്‍ നാരായണന്‍ തുടങ്ങിയവരാണ് അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോയിലുള്ളത്. ദിവസവും രാവിലെ 11 മണിയോടെ മാധവന്‍കുട്ടി തന്റെ മുറിയിലെത്തും. ഞങ്ങളുടെ നെഞ്ചിടിപ്പു കൂടും. ഏതെങ്കിലും ഒരു ഹതഭാഗ്യവാന് വിളിവരും. തെറി പറയാനാണെന്ന് ഉറപ്പ്. അയാള്‍ ഞെട്ടലോടെ എണീറ്റ് ബാക്കിയുള്ളവരുടെ മുഖത്ത് ദയനീയതയോടെ നോക്കും. മറ്റുള്ളവര്‍ സഹതാപത്തോടെയും. അനുശോചനം മുഖത്തു പ്രകടിപ്പിച്ചും യാത്രാമൊഴി നല്‍കും. ഹതഭാഗ്യന്‍ അകത്തു കയറിയാല്‍ ബാക്കിയുള്ളവര്‍ക്ക് ആശ്വാസമാണ്. അവനു ഭേഷായി കിട്ടിയതു തന്നെ-മറ്റുള്ളവര്‍ ഗൂഢമായി പറഞ്ഞു കളിയാക്കും. അപ്പോഴേക്കും അടുത്തയാളുടെ ഊഴം വരും.

അകത്തുകയറിയാല്‍ ടിയാന്റെ മുന്‍ദിവസത്തെ ഏതെങ്കിലും ചെറുതോ വലുതോ ആയ ചെയ്തികളുടെ പേരില്‍ തലങ്ങും വിലങ്ങും ശാസനയാണ്. നരച്ച താടിയും ബീഭത്സമായ ഭാവഹാവാദികളും ഇടതടവില്ലാത്ത ഫയറിംഗും കഴിഞ്ഞിറങ്ങുന്ന ഹതഭാഗ്യന്‍ മിക്കവാറും അവശനായിരിക്കും. ഒരു നെഗറ്റീവ് ഹോറര്‍ ഫിലിം കണ്ടപോലെ എന്നാണ് ഇിനെക്കുറിച്ച് ഒരു ഹതഭാഗ്യന്‍ പ്രതികരിച്ചത്.

ഇനി, അദ്ദേഹം ശകാരിക്കുന്ന കാര്യങ്ങളും വിചിത്രമാണ്. മലയാളം വാരികയില്‍ എനിക്കു ബന്ധമില്ലാത്തതും എഡിറ്റര്‍ ജയചന്ദ്രന്‍ നായര്‍ക്കു ഉത്തരവാദിത്തമുള്ളതുമായ കാര്യങ്ങള്‍ക്കാണ് എനിക്കു ശകാരം. ചോദ്യങ്ങള്‍ക്ക് ഉത്തരം ഞാന്‍ നല്‍കണം. അവഹേളിക്കലും ഈ ഫയറിംഗിന്റെ ഭാഗമാണ്.

ഒരിക്കല്‍ എന്നെ ഫയര്‍ചെയ്തിരുത്തിയ ശേഷം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മേരിയെ വിളിപ്പിച്ചു. എന്റെ മുന്നില്‍വെച്ച് അദ്ദേഹത്തെ ശകാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ എണീറ്റ് വലിയാന്‍ നോക്കി. നിങ്ങള്‍ അവിടെയിരിക്കൂ- മാധവന്‍കുട്ടി കല്‍പ്പിച്ചു. എന്റെ മുന്നില്‍വെച്ചാണ് പിന്നെ അവഹേളനം. സി.പി.എമ്മിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും എന്തു വൃത്തികേടുകളാണ് മാധവന്‍കുട്ടി വിളിച്ചു പറഞ്ഞിട്ടുള്ളതെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. വയറ്റുപ്പിഴപ്പ് ഓര്‍ത്തിട്ടാവണം എല്ലാവരും നിശബ്ദരായി ശകാരങ്ങള്‍ കേട്ടിരുന്നു.

ഇവിടെ സൂചിപ്പിച്ച പേരുകാരില്‍ എന്റെ പ്രിയസുഹൃത്ത് നരേന്ദ്രന്‍ അന്തരിച്ചു. മറ്റുള്ളവരോട് ചോദിച്ചാല്‍ ഇപ്പറഞ്ഞത് സത്യമാണോ എന്നു ബോധ്യമാകും. ഇവരാരും ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലല്ല. മാധവന്‍കുട്ടിയുടെ കര്‍ശന ഭരണമാണ് പലരേയും മറ്റു മാധ്യമങ്ങളില്‍ എത്തിച്ചത്. ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം മാധവന്‍കുട്ടി ഇന്ത്യന്‍ എക്‌സ്പ്രസ് വിടുമ്പോള്‍ പ്രതിഭാശാലികളായ പലരും വിട്ടുപോയി. പ്രശസ്ത വനിതാ ജേര്‍ണലിസ്റ്റ് ലീലാമേനോന്‍ മാധവന്‍കുട്ടിയുമായുള്ള ഭിന്നതയാല്‍ കരഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വിട്ടത്. പത്രത്തിന്റെ ഗ്രാഫ് കുടത്തെ താണത് അദ്ദേഹത്തിന്റെ വലിയ സംഭാവനയുമാണ്. ദേശാഭിമാനിയില്‍ ഈ ശൗര്യം വിലപ്പോവുന്നില്ലെന്നാണ് അവിടന്നു ലഭിക്കുന്ന വിവരം. അതും ഭാഗ്യം!

(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here