ഇന്ത്യാവിഷനു ബദലായി വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി തുടക്കം കുറിച്ച ലീഗിന്റെ സ്വന്തം ചാനല്‍ ഐ.ബി.സിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ചാനലില്‍ ജോലി സ്വീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മറ്റു ചാനലുകളിലേക്കു ചേക്കേറി.

നികേഷ് കുമാര്‍ ആരംഭിച്ച റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുളള ചാനലുകളിലേക്കാണ് ഐ.ബി.സി ജീവനക്കാര്‍ കൂട്ടത്തോടെ കയറിച്ചെന്നിരിക്കുന്നത്. ഇതോടെ ചാനലിന്റെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായി നിലക്കുകയായിരുന്നു. ചാനല്‍ തുടങ്ങും മുമ്പുതന്നെ ദുര്‍വ്യയത്തിലൂടെ വന്‍തുക നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു കാര്യങ്ങള്‍ എത്തിയതത്രേ.

ഇന്ത്യാവിഷനിലെ വാര്‍ത്താ അവതാരകനായിരുന്ന ഗോപീകൃഷ്ണനായിരുന്നു ഐ.ബി.സിയുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അദ്ദേഹം എങ്ങോട്ടു ചേക്കേറുമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംപ്രേക്ഷണം ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. കേരളമെങ്ങും ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ചാനല്‍ വിതരണം ചെയ്യാനായിരുന്നു ആദ്യതീരുമാനം. ഒരു വര്‍ഷം കഴിഞ്ഞ് സാറ്റലേറ്റിലേക്കു മാറുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്.

ഇ.അഹമ്മദിനെപ്പോലുള്ള പ്രഗത്ഭരുടെ പിന്തുണയുണ്ടായിട്ടും സാറ്റലെറ്റ് ലൈസന്‍സ് കിട്ടുന്നതില്‍ കാലതാമസമുണ്ടായി. നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാതായതോടെ നിക്ഷേപകര്‍ പിന്‍വാങ്ങി. ഇതോടെയാണ് ശമ്പളം മുടങ്ങിയത്. മറ്റു ചാനലുകളിലും പത്രങ്ങളിലും മാന്യമായി ജോലി ചെയ്തു ശമ്പളം കൈപ്പറ്റിയിരുന്നവരാണ് ലീഗിന്റെ ചാനല്‍ എന്ന വിശ്വാസത്തില്‍ ഇവിടെ ജോലിക്കെത്തിയത്.

പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഐ.ബി.സിയില്‍ നിന്നും കൊഴിഞ്ഞു തുടങ്ങി. ഒടുവില്‍ ചാനലിന്റെ മരണമണി മുഴങ്ങുകയായിരുന്നു. ഇ.കെ.സുന്നികളുടെ ദര്‍ശന ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുപോകുന്നതും ഐ.ബി.സിയില്‍ ലീഗിന്റെ താല്‍പര്യം കുറയാന്‍ കാരണമായിട്ടുണ്ട്. അടിയുറച്ച ലീഗ് അനുഭാവികളായാണ് ഇ.കെ.സുന്നികള്‍ അറിയപ്പെടുന്നത്. അവര്‍ ചാനല്‍ തുടങ്ങുന്ന സാഹചര്യത്തില്‍ തങ്ങള്‍ റിസ്‌ക് എടുക്കേണ്ടതില്ലെന്ന ചിന്ത മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ടായതാവാം ഐ.ബി.സിയുടെ അടച്ചുപൂട്ടലില്‍ കലാശിച്ചതെന്നു പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here