ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 23 സ്റ്റേഷനുകളോടെ ആയിരിക്കും നിര്‍ദിഷ്ട കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുക. 12 രൂപയായിരിക്കും മിനിമം നിരക്ക്. മുതല്‍ മുപ്പതു രൂപ പരമാവധിയും.

ആലുവ, പൊളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, അപ്പോളോ ടയേഴ്‌സ്, ജാക്കോബൈറ്റ് ചര്‍ച്ച്, കളമശേരി, പത്തടിപ്പാലം, ഇടപ്പളളി ജംഗ്ഷന്‍, ഇടപ്പള്ളി, പാലാരിവട്ടം, ജെ.എല്‍.എന്‍ സ്റ്റേഡിയം, കലൂര്‍, ലിസി, മധു ഫാര്‍മസി, മഹാരാജസ് കോളജ്, ജി.സി.ഡി.എ, ഏലംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിവിടങ്ങളിലായിരിക്കും മെട്രോയ്ക്ക് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കുക.

4427 കോടി രൂപയാണ് പദ്ധതിക്കു ചെലവു കണക്കാക്കുന്നത്. 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കും തീവണ്ടി. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ആയിരിക്കും ടിക്കറ്റ് വിതരണം. പദ്ധതിക്കായി ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, എറണാകുളം, പൂണിത്തുറ വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക. പൂണിത്തുറ, എറണാകുളം, എളംകുളം, ഇടപ്പളളി സൗത്ത്, ഇടപ്പള്ളി നോര്‍ത്ത്, തൃക്കാക്കര നോര്‍ത്ത്, ആലുവ വെസ്റ്റ് വില്ലേജുകളിലായി 292 കെട്ടിടങ്ങള്‍ ഏറ്റെടുക്കും.

ഇതില്‍ നാല്‍പതു വീടുകളും 111 വാണിജ്യസ്ഥാപനങ്ങളും രണ്ട് ആശുപത്രികളും ഒമ്പതു സര്‍ക്കാര്‍ കെട്ടിടങ്ങളും ഉള്‍ക്കൊളളുന്നു. പദ്ധതിയുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ് www.kochimetro.org കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here