സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുംമന്ത്രിമാരും സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പിന്നാലെ ആദ്യഘട്ടമായി പോലീസിലെ കോണ്‍സ്റ്റബിള്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം പുറത്തുവിടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നു. സ്വന്തം സമ്പാദ്യം വെളിപ്പെടുത്തുന്നതിനോടൊപ്പം കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യാപാര സംരംഭങ്ങള്‍ വഴിയുള്ള സമ്പാദ്യവും വെളിപ്പെടുത്തണം.

ഈ ഉത്തരവ് പുറത്തിറങ്ങി അധിക നാള്‍ കഴിയുന്നതിന് മുന്‍പാണ് പോലീസുകാര്‍ ബാറുകളില്‍ നിന്ന് മദ്യപിക്കരുതെന്ന് ഡി.ജി.പിയുടെ ഉത്തരവ് പുറത്തുവന്നത്. (ഓര്‍ഡര്‍ നമ്പര്‍ 15/2011). ഉദ്യോഗസ്ഥര്‍ ബാറുകളില്‍ കയറി മദ്യപിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരിക്കണം. രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ഉപദേശിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.അതുകഴിഞ്ഞാല്‍ നടപടി. പോലീസ് സേനയെപ്പറ്റി സമൂഹത്തില്‍ മോശമായ പ്രതിച്ഛായ ഉണ്ടായതിനാലാണ് ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കേണ്ടിവന്നതെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനുംമാസങ്ങളില്‍ നടന്ന ചില സംഭവങ്ങളാണ് ഈ സര്‍ക്കുലറിന് പിന്നില്‍. മദ്യപിച്ച് പോലീസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം തമ്മിലടിച്ച നിരവധി സംഭവങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മില്‍ തല്ലുന്നത് മാധ്യമങ്ങളും ആഘോഷമാക്കി.

ഇത്തരമൊരു ആഘോഷം കൊലപാതകത്തില്‍ കലാശിച്ചതും മദ്യലഹരിയില്‍ പോലീസിന്റെ രഹസ്യങ്ങള്‍ പുറത്തുപോകുന്നതുമാണ് കര്‍ശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ മദ്യമേഖലയിലെ മുന്നേറ്റം പോലീസ് സേനയിലും പ്രതിഫലിച്ചിരിക്കുന്നു. നടപടികളുടെ ഫലം എന്താണെന്നിയാന്‍ ഇനിയുംകാത്തിരിക്കണം.

ഇതില്‍ ആദ്യഭാഗത്ത് പരാമര്‍ശിക്കപ്പെട്ട അവിഹിത സ്വത്ത് സമ്പാദനത്തിന്റെ കാര്യം വര്‍ഷങ്ങളായി പറഞ്ഞ് പഴകിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് കൈക്കൂലിയെന്ന വിചാരം ജനങ്ങളിലും ആഴത്തില്‍ വേരോടിയിരിക്കുന്നു.

അതില്‍ യൂനിഫോമിട്ടവര്‍ അധികാരത്തിന്റെ ബലത്തില്‍ വിഹിതം പിടിച്ചെടുക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് മോശമായ അഭിപ്രായം ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്നു.

ടോമിന്‍ ജെ തച്ചങ്കരി എന്ന ഉദ്യോഗസ്ഥനാണ് അവിഹിത സ്വത്ത് സമ്പാദനത്തിന്റെ കാര്യത്തില്‍ ആദ്യമായി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ചില രാഷ്ട്രീയ ചേരിതിരിവുകള്‍ കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യവാനായ ഉദ്യോഗസ്ഥന്‍ കുറെനാളുകളിലായി സസ്‌പെന്‍ഷനിലാണ്.

പോലീസുകാര്‍ക്കിടയിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സ്വത്ത് വെളിപ്പെടുത്തല്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമയത്തു തന്നെയാണ് തച്ചങ്കയെന്ന അവിഹിത മാര്‍ഗ്ഗത്തില്‍സ്വത്ത് സമ്പാദിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍നിലനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നതും. പ്രഖാപനങ്ങള്‍ ഒരിടത്തു നടക്കുമ്പോള്‍ മറുവശത്ത് പ്രവേശനോല്‍സവം അതിന്റെ പാരമ്യതയില്‍ നടക്കുന്നു.

രാഷ്ട്രീയ പ്രഖ്യാപനവും നയപരിപാടികളും രണ്ടാണെന്ന് വീണ്ടും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മാണി വിഭാഗം എം.എല്‍.എയായ ജോസഫ് എം പുതുശേരി പോലീസിലെ ക്രിമിനലുകളുടേ പേരുകള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്.

വര്‍ഷം പലതുകഴിഞ്ഞിട്ടും അപേക്ഷയ്ക്ക് ഉത്തരം ലഭിച്ചിട്ടില്ല. പോലീസിലെ ചില രഹസ്യ വിഭാഗങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി. മുന്‍ ഡി.ജി.പി സിബി മാത്യൂസ് ക്രിമിനല്‍ മാഫിയ ബന്ധമുള്ള 50 ഓളം പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ച് കിടക്കുന്നു.

ക്രിമിനലുകളെ ചൂണ്ടിക്കാട്ടിയാലും നടപടിയെടുക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ കാരണം സര്‍ക്കാരിന് സാധിക്കുന്നില്ല. മലപ്പുറം,കോഴിക്കോട്,കാസര്‍ഗോഡ്,വയനാട് ജില്ലകളിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. മധ്യ കേരളത്തിലെത്തുമ്പോള്‍ ഇത് സ്പിരിറ്റ് മാഫിയ ഇടപാടുകളായി മാറുന്നു.

അഴിമതി കേസില്‍ കോടതി ശിക്ഷിച്ചവരില്‍ ചിലരാണ് പോലീസ് ആസ്ഥാനത്ത് സുപ്രധാന പോസ്റ്റില്‍ ജോലി ചെയ്യുന്നത് പോലും. തീവ്രവാദ കേസുകളില്‍ പ്രതിയായവരും ക്രിമിനല്‍ കേസില്‍ പ്രതിയായവരും പോലീസ് സേനയില്‍ ജോലി ചെയ്യുന്നതായി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി എന്തായി എന്നതിനെക്കുറിച്ച് മാത്രം വ്യക്തതയില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവസാന നാളുകളില്‍ ഐ.പി.എസ് ഒഴിവിലേക്ക് സര്‍ക്കാര്‍ നല്‍കിയ 15 പേരുടെ ലിസ്റ്റില്‍ 11 പേരും ശിക്ഷാ നടപടിക്ക് വിധേയരായവര്‍. കേന്ദ്ര സര്‍ക്കാര്‍ തിരികെ അയച്ച ലിസ്റ്റ് തെരഞ്ഞെടുപ്പിനിടെ വീണ്ടും കേന്ദ്രത്തിനയച്ചു. സ്ത്രീ വിഷയത്തില്‍ കുപ്രസിദ്ധനായ ആളും ലിസ്റ്റിലുണ്ട്.

പരിശീലനത്തിലെ അഭാവവും രാഷ്ട്രീയ ഇടപെടലുകളുമാണ് സേനയുടെ മോശം പ്രതിച്ഛായക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകം ഏറെ വികസിച്ചെങ്കിലും പരിശീലനം ഇപ്പോഴും അറുപഴഞ്ചന്‍. പരേഡുകള്‍ മാത്രമാണ് മികച്ച പോലീസ് സേനയെ വിരിയിച്ചെടുക്കാന്‍ പോംവഴിയെന്ന വിശ്വത്തിന് ഇനിയും ഇളക്കം തട്ടിയിട്ടില്ല.

വിദേശ രാജ്യങ്ങളിലെന്നപോലെ പോലീസിന് ജനകീയ മുഖം നല്‍കാന്‍ പരിശീലന പുസ്തകങ്ങളില്‍ ഇടമില്ല. അക്കാഡമികളിലെ പരിശിലനത്തിന്റെ മറവില്‍ ട്രയിനികള്‍ ചെയ്യുന്നത് ക്യാമ്പിലെ കെട്ടിടങ്ങള്‍ പെയിന്റടിക്കലും,പരിസരം വൃത്തിയാക്കലുമാണെന്നതാണ് വിചിത്രം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജനമൈത്രി അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ അവ അട്ടിമറിക്കപ്പെട്ടു.

ജനങ്ങളുമായുള്ള ബന്ധം ഇപ്പോഴും പഴയ തലത്തില്‍ തന്നെ. ജനങ്ങളെ നേരിടാനല്ല ജനങ്ങളെ സേവിക്കാനാണ് പോലീസ് എന്ന ചിന്തക്ക് പരിശീലന കാലത്തു തന്നെ കോട്ടം തട്ടുന്നു. ഒരു കാര്യം കൂടി പറയുമ്പോള്‍ പരിശീലനത്തിന്റെ മേന്‍മ്മ ബോധ്യമാകും. ട്രയിനിംഗ് സമയത്ത് മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സബ് ഇന്‍സ്‌പെക്ടര്‍ ട്രയിനിയെ സൈക്കോളജി ടെസ്റ്റിന് വിധേയമാക്കണമെന്ന് ട്രയിനിംഗ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. അധികൃതര്‍ ഇതു തള്ളി. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂട്ടിക്കിടെ ഇയാള്‍ സര്‍വ്വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിവയ്ക്കുന്നു.

പോലീസ് സേനയെ നവീകരിക്കാന്‍ ആദ്യം വേണ്ടത് മികച്ച പരിശീലന പദ്ധതിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെ വേണത് രാഷ്ട്രീയ ചായ്‌വ്ല്ലാത്ത കാര്യക്ഷമമായ നിയന്ത്രണവും. ഒപ്പം കുറ്റവാളികളായ പോലീസുകാരെ സംരക്ഷിക്കുന്ന അസോസിയേഷനുകള്‍ക്ക് കൂച്ചുവിലങ്ങിടുകയും വേണം. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരുന്നാള്‍ പോലീസ് സേനയ്ക്ക് സ്വന്തം പേരും സുതാര്യതയും തിരിച്ചുകിട്ടും.

(കടപ്പാട്: മലയാളം ന്യൂസ്, ഉല്ലാസ് എഴുതിയ ലേഖനത്തില്‍ നിന്നും)

LEAVE A REPLY

Please enter your comment!
Please enter your name here