പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയം പിന്തുടരുമെന്നു പ്രഖ്യാപിക്കുന്ന സംസ്ഥാന വ്യവസായ കരടു നയം പ്രസിദ്ധീകരിച്ചു. രാജ്യമെമ്പാടും ചെറുത്തു നില്‍പ്പുകള്‍ക്കും സിംഗൂര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമായ ഈ നയം പിന്തുടരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആശങ്കയോടെയാണ് ജനം കേള്‍ക്കുന്നത്.

സെസ് സംബന്ധിച്ചു ബദല്‍ എന്ത് എന്ന അന്വേഷണത്തിന്റെ മൂര്‍ത്തരൂപമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്‌സിറ്റി കരാര്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ജനപക്ഷത്തു നിന്നുളള ഒരു കരാറിനാണ് വി.എസ് സര്‍ക്കാര്‍ രൂപം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഒടുവിലാണ് വി.എസ് മുന്നോട്ടുവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തില്‍ കരാര്‍ നടപ്പിലാക്കാന്‍ ടീകോം തയാറായത്.

ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണെന്നും ഇനി സംസ്ഥാനത്തുണ്ടാകുന്ന എല്ലാ കരാറുകളുടേയും അടിസ്ഥാനം സ്മാര്‍ട്‌സിറ്റി ആയിരിക്കുമെന്നും വിലയിരുത്തപ്പെടുകയുണ്ടായി. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കിയാണ് വ്യവസായനയം പ്രഖ്യാപിക്കപ്പെടുന്നത്. കുടിയിറക്കപ്പെടുന്നവരുടെ ആകുലതകള്‍ക്ക് പുതിയ നയത്തില്‍ യാതൊരു സ്ഥാനവും കല്‍പ്പിക്കപ്പെട്ടിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചും ഒരു തരത്തിലുള്ള പ്രസ്താവനക്കും വ്യവസായവകുപ്പു ധൈര്യപ്പെട്ടിട്ടില്ല.

മൂലമ്പള്ളി മുതല്‍ കിനാലൂര്‍ വരെ നീണ്ട കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങളുടെ അനുഭവം ഒരു തരത്തിലും പുതിയ സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍. ഉട്ടോപ്യന്‍ സങ്കല്‍പ്പങ്ങളും ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിനു സമാനമായ കച്ചവട തന്ത്രങ്ങളും നയത്തില്‍ വേണ്ടുവോളമുണ്ട്. ഈ സാഹചര്യങ്ങളെ പ്രതികൂലിക്കാന്‍ ഒരുപക്ഷേ നവലിബറല്‍ ആശയങ്ങള്‍ക്കു മുന്‍തൂക്കമുള്ള സി.പി.എം തയാറായെന്നു വരില്ല. എന്നാല്‍ ബംഗാളിലെ അനുഭവം ഒരു പാഠമാക്കി ഉള്‍ക്കൊള്ളാന്‍ അവര്‍ തീരുമാനിച്ചാല്‍ ശക്തമായ പ്രതിരോധം ജനവിരുദ്ധ വികസന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല.

എം സത്യേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here