കരാര്‍ നിയമനങ്ങളെന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ സി.പി.എമ്മിനേക്കാളും ഹാലിളകുക സി.പി.ഐക്കാണ്‌. ആഗോളീകരണ നയങ്ങളുടെ ഭാഗമായുള്ള ഈ പുതിയ തൊഴില്‍ സമ്പ്രദായത്തിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിരോധമാണ്‌ കമ്യൂണിസ്റ്റുപാര്‍ട്ടി ഉയര്‍ത്തുന്നത്‌. കേരളത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. എന്നാല്‍ സ്വന്തം സ്ഥാപനത്തിലെ കരാര്‍ നിയമനങ്ങള്‍ പാര്‍ട്ടിക്കു രാഷ്‌ട്രീയമായ തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്‌.

പറഞ്ഞു വരുന്നത്‌ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ കാര്യമാണ്‌. സി.പി.എമ്മിന്റെ ദേശാഭിമാനിയില്‍ പൂര്‍ണമായും കോണ്‍ഗ്രസിന്റെ വീക്ഷണത്തിലും ബി.ജെ.പിയുടെ ജന്മഭൂമിയിലും ഭാഗികമായും സ്ഥിരനിയമനങ്ങളാണ്‌ നടന്നിരിക്കുന്നത്‌. എന്നാല്‍ ആഗോളവത്‌കരണത്തിന്റെ രാജ്യത്തെ മുഖ്യശത്രുവെന്നു സ്വയം അഭിമാനിക്കുന്ന സി.പി.ഐയുടെ പത്രത്തിലാവട്ടെ പേരിനു പോലും ജീവനക്കാര്‍ക്കു സ്ഥിരനിയമനമില്ല. എന്നിട്ടും വേജ്‌ബോര്‍ഡിനു വേണ്ടി പത്രത്തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ഉദ്‌ഘാടകനായി സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ പാഞ്ഞെത്തിയത്‌.

ജനയുഗം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. ഇതു പരിഗണിച്ച പ്രത്യേക സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പക്ഷേ കരാര്‍ നിയമനങ്ങള്‍ തുടരാനുള്ള തീരുമാനമാണെടുത്തത്‌. മുന്‍ മന്ത്രി ബിനോയ്‌ വിശ്വത്തെ ചീഫ്‌ എഡിറ്ററാക്കാന്‍ തീരുമാനിച്ച യോഗത്തിലും മറിച്ചൊന്നും സംഭവിച്ചില്ല. ജീവനക്കാര്‍ക്കു സ്ഥിരം നിയമനം നല്‍കണമെന്നു ഒരു വിഭാഗം ശക്തമായി വാദിച്ചെങ്കിലും ചുരുങ്ങിയ പൈസക്ക്‌ സ്ഥിരമാക്കാതെ ജോലി ചെയ്യുന്നവര്‍ മതിയെന്ന ധാരണയിലാണ്‌ വിപ്ലവ പാര്‍ട്ടിയുടെ യോഗങ്ങള്‍ പിരിഞ്ഞതത്രെ.

ജീവനക്കാര്‍ക്ക്‌ അടുത്തിടെയാണ്‌ പി.എഫ്‌., ഇ.എസ്‌.ഐ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇതും എല്ലാ ജീവനക്കാര്‍ക്കും നടപ്പിലാക്കാന്‍ തയാറായിട്ടില്ല. ജോലിയില്‍ പ്രവേശിച്ച സമയത്തു നിശ്ചയിച്ചു കിട്ടിയ അതേ തസ്‌തികയിലാണ്‌ പലരും ഇപ്പോഴും തുടരുന്നത്‌. ശമ്പളക്കാര്യത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായും ജീവനക്കാര്‍ക്കു പരാതിയുണ്ട്‌. പലപ്പോഴും പഴയ ജീവനക്കാരേക്കാള്‍ ശമ്പളം പുതുതായെത്തുന്നവര്‍ക്കു നല്‍കുന്ന പതിവും കണ്ടുവരുന്നുണ്ട്‌. ജീവനക്കാരുടെ അസംതൃപ്‌തി പാര്‍ട്ടി കണക്കെടുക്കുന്നില്ല എന്നതിന്റെ സൂചനകളാണ്‌ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നത്‌. എന്നാല്‍ രാഷ്‌ട്രീയമായി ഈ പ്രശ്‌നത്തെ എങ്ങിനെ നേരിടും എന്നതാണ്‌ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here