സിനിമ പ്രതികാരവീര്യം നല്‍കി

0

പാരീസ് കോര്‍ണറില്‍ അര്‍മേടനിയ തെരുവിലെ 167 വഷം പഴക്കമുള്ള  സെന്റ്  മേരീസ്  ആംഗ്ലോ  ഇന്ത്യന്‍  സ്‌കൂളി്ല്‍ നടന്ന കൊലപാതകം സമാനതകളില്ലാത്തതാണ്. വ്യാഴാഴ്ച  രാവിലെ പതിനൊന്നരയോടെയാണ് ചെന്നൈ നഗരത്തെ ഞെട്ടിച്ച സംഭവം. ഹിന്ദി പഠിപ്പിക്കാനെത്തിയ ഉമാ മഹേശ്വരി എന്ന അധ്യാപികയെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

രാജ്യത്തിനകത്ത് തന്നെ  ഇതിനുമുമ്പ് കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണിത്. സിനിമാ മാതൃകയില്‍ പലതരം കൊലപാതകങ്ങള്‍ നടത്തി കുപ്രസിദ്ധരായ പലരും പാശ്ചാത്യ രാജ്യങ്ങളിലുണ്ടെകിലും നമ്മുടെ രാജ്യം ഇത്തരമൊരു വാര്‍ത്തയിലേക്ക് വരുന്നത് ഇതാദ്യമായിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ ചെന്നൈയില്‍ നടന്ന ഒരൊറ്റപ്പെട്ട സംഭവം മാത്രമായി കാണാനാവില്ല.

ആയിരത്തിഅഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം അച്ചടക്കത്തിലും പരീക്ഷാഫലത്തിലും നിലവാരത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്. അധ്യാപകര്‍ കുട്ടികളെ ശാസിക്കാറുണ്ടെങ്കിലും  ഇതുവരെ അതിരുകടന്നിട്ടില്ലെന്ന് രക്ഷിതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ എങ്ങനെയാണ് ഒരു ഒന്‍പതാം ക്ലാസുകാരന് തന്റെ അധ്യാപിക പാഠപുസ്തകവുമായി വന്നു നില്‍ക്കുമ്പോള്‍ കരുതിവെച്ച  കത്തിയുമായി നിസ്സങ്കോചം കുത്തി മലര്‍്ത്തുവാന്‍ കഴിയുക !  പോലീസ്  അനേഷണത്തിലൂടെയും കൗണ്‍സിലിങ്ങിലൂടെയും വെളിപ്പെട്ട വസ്തുതകള്‍ ഏറ്റവും വിചിത്രമായിരുന്നു.

ഹിന്ദിയിലും ഗണിതത്തിലും പഠിക്കാന്‍ പിന്നോക്കമായിരുന്ന വിദ്യാര്‍ത്ഥി അധ്യാപകരുടെ നോട്ടപുള്ളിയായിരുന്നു . പരീക്ഷകളില്‍ മോശം റിസല്‍ട്ട് വാങ്ങിയിരുന്ന കുട്ടി കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റില്‍ പത്തില്‍ പൂജ്യം മാര്‍ക്കാണ് വാങ്ങിയത്. മൊബൈല്‍ ഫോണുമായി ക്ലാസ്സില്‍ വരുന്നതിനും പഠനത്തിലെ അശ്രദ്ധയിലും അധ്യാപിക കുട്ടിയെ ശാസിച്ചിരുന്നു. ഇതെല്ലാം അറിയിച്ചുകൊണ്ട് കുട്ടിയുടെ പിതാവിനെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപിക കാര്യങ്ങള്‍ ധരിപ്പിച്ചു. വീട്ടിലെത്തിയ അവന് പിതാവില്‍ നിന്നും സ്വാഭാവികമായി  ശകാരവും ഏറ്റുവാങ്ങേണ്ടി വന്നു. ഇതിലുള്ള അമര്‍ഷമാണ് അദ്ധ്യാപികയെ വകവരുത്തുക എന്ന വിവരക്കേടിലേക്ക് കുട്ടിയെ കൊണ്ടെത്തിച്ചത്.

തിങ്കളാഴ്ച രാത്രി ഉറക്കമില്ലാതെ അവന്‍ തള്ളി നീക്കി. പതിവുപോലെ വീട്ടില്‍ നിന്നും പോക്കറ്റ് മണിയായി കൊടുത്തു വിടുന്ന 100 രൂപാ അവന്‍ ചിലവഴിക്കാതെ കരുതി വച്ചു. അന്ന് വൈകുന്നേരം സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ വീടിനടുത്തുള്ള  കടയില്‍നിന്നും അടുക്കള ഉപയോഗത്തിനുള്ള  കത്തി 20 രൂപാ കൊടുത്തു വാങ്ങി. അത്  വെള്ള കടലാസില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു. ബാഗിന്റെ ഒരു വശത്ത് കത്തി നന്നായി തിരുകി വച്ചു സ്‌കൂളിലെത്തി.

അന്ന് മുഴുവന്‍ തക്കം പാര്‍ത്തു നടന്നിട്ടും അധ്യാപികയെ  കുട്ടികളുടെ ഇടയില്‍ നിന്നും മാറി ഒറ്റയ്ക്ക് കിട്ടിയില്ല. അക്ഷമനായി വീട്ടിലെത്തിയ അവന്‍ പ്രതികാര വിവശനായി രാത്രി മുഴുവന്‍ കിടന്നുരുണ്ട്  മറ്റൊരു രാത്രി കൂടെ  വെളുപ്പിച്ചു. അങ്ങനെ കൃത്യം നടന്ന വ്യാഴാഴ്ച പതിവിനു വിപരീതമായി അതിരാവിലെ തന്നെ സ്‌കൂളിലേക്ക് തിരിച്ചു.

രാവിലത്തെ പതിവ് ക്ലാസുകള്‍ക്ക് ശേഷം  11:30 നുള്ള ഇടവേള കഴിഞ്ഞ് അടുത്ത പിരിയഡില്‍  എത്തേണ്ട അധ്യാപകന്‍ അവധിയായതിനാല്‍ ഹിന്ദി സ്‌പെഷ്യല്‍  ക്ലാസ് ക്രമീകരിച്ചുകൊണ്ട്  അധ്യാപിക ക്ലാസിലെത്തി. ഹിന്ദി രണ്ടാം ഭാഷയായി പഠിക്കുന്ന മറ്റു 6 കുട്ടികള്‍ ക്ലാസ്സിലേക്ക് എത്തുന്നതിന് മുന്‍പുതന്നെ കുട്ടി ക്ലാസ്സിലെത്തി അദ്ധ്യാപികയെ കുത്തിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അധ്യാപികയെ ആദ്യം കഴുത്തിലും പിന്നീട് വയറ്റിലും നെഞ്ചിലുമായി ആഴത്തില്‍ കുത്തുകയായിരുന്നു. മിനുട്ടുകള്‍ക്കകം  എല്ലാം കഴിഞ്ഞു. ആഴത്തിലുള്ള ഏഴ് മുറിവുകള്‍ ഏറ്റ അധ്യാപികയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന്  സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യനിര്‍വഹണത്തിന് ശേഷം ഓടി രക്ഷപ്പെടാനൊന്നും ശ്രമിക്കാതെ കുട്ടി നിര്‍വികാരനായി നില്‍ക്കുമ്പോള്‍ തന്നെ  പോലീസ് എത്തി. ചോദ്യംചെയ്തതിന് ശേഷം  കുട്ടിയെ കെല്ലീസിലുള്ള  ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

ചോദ്യം ചെയ്യലില്‍  നിന്നുമാണ്  കുട്ടിക്ക് കൃത്യം ചെയ്യാന്‍ ആവേശം നല്‍്കിയ വസ്തുതകളെ കുറിച്ച് ലോകമറിഞ്ഞത്. ഇയ്യിടെ കണ്ട ‘അഗ്‌നീപദ്’ എന്ന ഹിന്ദി സിനിമയില്‍ ശത്രുക്കളെ കൊന്നു തള്ളുന്ന നായകനാണ് തനിക്ക് ഈ കൃത്യം ചെയ്യാന്‍ ആവേശം പകര്‍ന്നതെന്ന് കുട്ടി വെളിപ്പെടുത്തി. കൗമാരപ്രായക്കാരായ കുട്ടികളില്‍ സിനിമാഭ്രാന്തും, വീഡിയോ ഗെയിമുകളും അനാരോഗ്യകരമായ ആസ്വാദനവും അക്രമ വാസനയും വളരുന്നു എന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. പരസ്യചിത്രങ്ങളും സിനിമാ ഗാനങ്ങളും ഉള്‍പ്പെടെ സകല ദൃശ്യമാധ്യമങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ജനജീവിതത്തെ സ്വാധീനിക്കുകയും സംസ്‌ക്കാരത്തെ തന്നെ  മാറ്റിമറിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്നുണ്ട്.

എണ്‍്പതുകളില്‍ ജയപ്രകാശ് എന്ന യുവാവ് നടത്തിയ അതിക്രൂരമായ കൊലപാതകപരമ്പരകള്‍ളാണ് സിനിമാസ്റ്റൈല്‍ കുറ്റകത്യങ്ങള്‍ക്ക് തുടക്കമിടുന്നത്.  1984 ഫെബ്രുവരിയിലായിരുന്നു ആ സംഭവം. ‘നൂറാവത് നാള്‍ ‘ എന്ന തമിഴ് സിനിമയില്‍ ചിത്രീകരിച്ചിരുന്ന മാതൃകയില്‍ ആയിരുന്നു ജയപ്രകാശ് അന്ന് നടത്തിയ കൊലപാതകങ്ങള്‍. ഇവിടെയും സിനിമയില്‍ നിന്നുള്‍ ക്കൊണ്ട ആവേശം കുട്ടിയില്‍ കൃത്യനിര്‍വഹണത്തിനുള്ള  ഉത്തേജകമായി പ്രവര്‍ത്തിച്ചു എന്നത് വ്യക്തമാണ്. എങ്കിലും ഇവിടുത്തെ  പ്രേരകഘടകം   അതുമാത്രമായി കാണാന്‍ കഴിയില്ല. നിരുത്തരവാദപരമായ രീതിയില്‍ കുട്ടിയുടെ കയ്യില്‍ മൊബൈലും, ദിവസം തോറും ആവശ്യത്തിലധികം കാശും കൊടുത്തുവിട്ട രക്ഷിതാക്കള്‍ക്കും  നിഷേധിക്കനാവാത്ത പങ്കുണ്ട്. കുട്ടിയെക്കൊണ്ട്് അപക്വമായ രീതിയില്‍ ചിന്തിക്കാനും, തിരിച്ചറിവില്ലാതെ പെരുമാറാനും ഇടയാക്കിയ കാരണങ്ങള്‍ക്ക്  അധ്യാപകരുള്‍പ്പെടെ അവനെ ശ്രദ്ധിക്കേണ്ടിയിരുന്ന എല്ലാവര്‍ക്കും  പങ്കുമുണ്ട്.

കുട്ടിയെ ശ്രദ്ധിക്കാനും അവന് പറയാനുള്ളത് കേള്‍ക്കാനും ആരൊക്കെയുണ്ട,് അഥവാ ഉള്ളവര്‍ക്ക് അതിനുള്ള സമയം ഉണ്ടായിരുന്നോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. പ്രാഥമികമായി ഇതിനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍്ക്ക്  തന്നെയാണ,് പിന്നെ അധ്യാപകര്‍ക്കും. വീട്ടില്‍നിന്നും പഠിക്കേണ്ടത് ശരിയായി പഠിച്ചുകഴിഞ്ഞാല്‍ ഒരു പരിധിവരെ കുട്ടി നല്ലരീതിയില്‍ വളര്‍ന്നു  വരും. അവന്‍ ഏറ്റവും കൂടുതല്‍ സമയം ചെവഴിക്കുന്ന സ്‌കൂളും, അധ്യാപകര്‍ക്കും  അവനെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

അടുത്തകാലത്തായി കുട്ടികളെ കായികക്ഷമതയുള്ളവരാക്കാന്‍ ഫിസിക്കല്‍ എജുക്കേഷന്‍ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധ പഠനവിഷയമാക്കുകയുണ്ടായി. എന്നാല്‍ കണിശമായും ഉറപ്പുവരുത്തേണ്ട കാര്യം കുട്ടികളുടെ മാനസികാരോഗ്യമാണ്. അതിനായി എല്ലാ വിദ്യാലയങ്ങളിലും  കൗണ്‍സിലിംഗ് അധ്യാപകര്‍ ഉണ്ടാവണം. പഠനകാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നതിനും  വ്യക്തിപരമായ വളര്‍ച്ചക്കും കുട്ടിയുടെ മനസ് ഉത്കണ്ഠമുക്തവും ആരോഗ്യപരവുമായിരിക്കണം. അതിനായുള്ള ക്ലാസുകളും പരിശീലന ക്യാമ്പുകളും  ശരിയായി നടത്തുകയും വേണം.  പഠനഭാരങ്ങള്‍ കാരണം ഉണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം കുറക്കാനും  വിദ്യാര്‍്ത്ഥിക്ക് കിട്ടുന്ന വ്യക്തിപരമായ കൗണ്‍്‌സിലിങ്ങിലൂടെ സാധിക്കും. ഇങ്ങനെ വിദ്യാര്‍്ത്ഥികള്‍ വ്യാപരിക്കുന്ന സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വം വഴി മാത്രമേ അവരെ  ധാര്‍മികബോധമുള്ള പൗരന്മാരായി വളര്‍ത്തുവാന്‍ കഴിയൂ, ചെന്നൈ സംഭവം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാനും.

ജെ ഡി ചാള്‍സ്  (കടപ്പാട്: വര്‍ത്തമാനം)


Loading...

LEAVE A REPLY

Please enter your comment!
Please enter your name here