ആകെയുള്ളത് 38863 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണം, അതില്‍ മുന്നരക്കോടി ജനങ്ങള്‍, ഇവരില്‍ ടെലിവിഷന്‍ ഉളളവരുടെ എണ്ണം 70 ശതമാനത്തിനടുത്തു വരും. ഇതില്‍ തന്നെ 68 ശതമാനത്തോളം പേര്‍ക്കും സ്വന്തമായി കേബിള്‍ കണക്ഷനുണ്ട്. എന്നാല്‍ ഒരു ദിവസത്തില്‍ 24 മണിക്കൂറെന്ന കണക്കിനു മാത്രം മാറ്റമില്ല.

ഇതു പറയാന്‍ കാരണം മറ്റൊന്നുമല്ല, ഓരോ ദിവസവും ഓരോ ചാനലുകളാണ് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയോ പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്യുന്നത്. നിലവില്‍ ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ്, സൂര്യ, കിരണ്‍, അമൃത, മനോരമ ന്യൂസ്, ഇന്ത്യാവിഷന്‍, ജീവന്‍, കൈരളി, പീപ്പിള്‍, വി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ്, വിക്ടര്‍, ശാലോം, പവര്‍വിഷന്‍ എന്നിങ്ങനെ പോകുന്നു മലയാളികളുടെ സ്വന്തം ചാനലുകള്‍.

ഇതിനു പുറമെ യെസ് ഇന്ത്യാവിഷന്‍ എന്ന വിനോദചാനല്‍ പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും പൂര്‍ണമായ അര്‍ഥത്തില്‍ ആയിട്ടില്ല. മനോരമയുടെ വിനോദചാനല്‍ ഓണത്തിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സണ്‍ ടിവി ഗ്രൂപ്പിന്റെ കുട്ടികള്‍ക്കുള്ള കുട്ടി ചാനല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കെ.മുരളീധരന്റെ ജനപ്രിയ, ആര്‍.എസ്.എസിന്റെ മലയാളം ചാനല്‍, രാജ് ടി.വി, സീ നെറ്റ് വര്‍ക്ക്, മംഗളം, കേരളാ കൗമുദി എന്നിങ്ങനെ നിരവധി പ്രമുഖരും മലയാളം ടെലിവിഷന്‍ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അമൃതയുടെ ന്യൂസ് ചാനല്‍ അണിയറയില്‍ പുരോഗമിക്കുന്നു. ലീഗിന്റെ ഐ.ബി.സി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്. മാതൃഭൂമി മൂന്നു ചാനലുകളുമായാണ് രംഗത്തു വരുന്നത്. ന്യൂസ് ചാനലിനു പുറമെ വിനോദം, കാര്‍ട്ടൂണ്‍ ചാനലുകളാണ് അവര്‍ ഉദ്ദേശിക്കുന്നത്. പ്രഖ്യാപനങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമായാല്‍ രണ്ടുവര്‍ഷത്തിനകം നാല്‍പതോളം പുതിയ ചാനലുകള്‍ മലയാളികളുടെ സ്വീകരണമുറികളില്‍ തള്ളിക്കയറുമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here