ഡല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ സംഘങ്ങള്‍ നീക്കം ശക്തമാക്കി. സുപ്രീം കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അഭിഭാഷകരുടെ ആവശ്യം തള്ളി ഇന്നു രാവിലെയും അന്വേഷണ സംഘം വീട്ടിലെത്തി.

രാവിലെ കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറസ്റ്റ് തടയാന്‍ തയാറായില്ല. മറിച്ച് അദ്ദേഹം കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. നിലവില്‍ അയോദ്ധ്യ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിച്ചേക്കും. അതിനിടെ, ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

അറസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി നിലപാട് നിര്‍ണായകമാകും. ഇന്നലെയൃം ഇന്നുമായി മൂന്നു തവണയാണ് ചിദംബരത്തെ തേടി സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും സംഘങ്ങള്‍ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. രാവിലെ വസതിയിലെത്തിയ സംഘം ദീര്‍ഘനേരം അവിടെ തുടര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രി വീട്ടിലെത്തിയ സംഘം രണ്ടു മണിക്കൂറിനുള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നു. രാത്രി എട്ടിനും സംഘങ്ങള്‍ എത്തി മടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here