സുശക്തമായ ജനലോക്പാല്‍

0
10

അഴിമതി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ലോക്പാലില്‍ അഴിമതിക്കെതിരെ ശബ്ദിക്കു​ന്നവരെ അപായപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണുള്ളത്. ഈ ബില്‍ ഇതേ രീതിയില്‍ തന്നെ പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ പൊതുമുതല്‍ കട്ടുമുടിക്കാന്‍ പുതിയൊരു വഴികൂടി എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷി​ക്കാനില്ല.

എന്തായിരിക്കണം ലോക്പാല്‍?

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതി അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനായുള്ള നിയമ നിര്‍മാണമായിരിക്കണം ലോക്പാല്‍ ബില്‍. ഈ നിയമം അനുസരിച്ച് കേന്ദ്രത്തില്‍ സര്‍വ സ്വതന്ത്രമായ ഒരു ലോക്പാലും (ഇലക്ഷന്‍ കമ്മീഷന്‍ പോലെ) സംസ്ഥാനങ്ങളില്‍ ലോകായുക്തകളും സ്ഥാപിതമാകണം. ഇവയ്ക്ക് കുറ്റാരോപിതരാകുന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കെതിരെ, അത് പ്രധാനമന്ത്രി ആയിരുന്നാല്‍ പോലും, സര്‍ക്കാരിന്റെ അനുമതിതേടാതെ തന്നെ നിയമ നടപടികളെടുക്കാന്‍ സാധിക്കണം. അഴിമതിക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണം.

ജനലോക്പാല്‍ സാധാരണക്കാരന് എങ്ങനെ പ്രയോജനപ്പെടും?

ഇന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എന്തെങ്കിലും കാര്യം നിര്‍വഹിക്കപ്പെടണമെങ്കില്‍ ഒട്ടനവധി തവണ ഓഫീസു​കള്‍ കയറിയിറങ്ങേണ്ടിവരുന്നു. മിക്കപ്പോഴും കൈക്കൂലിയും നല്‍കേണ്ടി വരുന്നു. ജന ലോക്പാല്‍ വരുന്നതോടെ ഓരോ ഓഫീസിലെയും ഓരോ ഉദ്യോഗസ്ഥനും ഏതുകാര്യം ഏതു ദിവസം പൂര്‍ത്തിയാക്കി നല്‍കുമെന്നത് സാധാരണക്കാരന് രേഖാമൂലം ഉറപ്പ് നല്‍കണം. ഇത് ലംഘിച്ചാല്‍ ഉദ്യോഗസ്ഥനെതിരെ PGOയ്ക്ക് പരാതി നല്‍കാം, അദ്ദേഹം പരിഹാരം നിര്‍ദ്ദേശിക്കും. ഇതില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍ ജന ലോക്പാലില്‍ പരാതി നല്‍കാം. ജന ലോക്പാല്‍ ഒരു മാസത്തിനകം പരാതി പരിഹരിക്കുകയും തെറ്റു ചെയ്ത ഉദ്യോഗസ്ഥരുടെ മേല്‍ കുറ്റം ചുമത്തുകയും ആ ഉദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ തുടരന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും.

സാധാരണക്കാരെ അപായപ്പെടുത്തുന്ന സര്‍ക്കാരിന്റെ ലോക്പാല്‍

സര്‍ക്കാരിന്റെ ലോക്പാല്‍ അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെതിരെ നിങ്ങള്‍ പരാതി നല്‍കുമ്പോള്‍ പ്രാഥമിക അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ കുറ്റാരോപിതനായ ഉദ്യോഗസ്ഥന് നിങ്ങള്‍ക്കെതിരായി കോടതിയില്‍ ഒരു ക്രോസ് കംപ്ളേന്റ് നല്‍കാം. ഈ കേസ് നടത്തുന്നതിന് ഉദ്യോഗസ്ഥനു വേണ്ടി സര്‍ക്കാര്‍ ചെലവില്‍ വക്കീലും ഉണ്ടാകും. അഴിമതിക്കാരനായ ഉദ്യോഗനസ്ഥന് ഈ സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ടോ?

കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിധേന തനിക്കെതിരായ പരാതി തെറ്റാണെന്ന് കോടതിയില്‍ സ്ഥാപിച്ചാല്‍ പരാതിക്കാരന് രണ്ടുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. അതേ സമയം ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തെന്നു തെളിഞ്ഞാല്‍ സര്‍ക്കാരിന്റെ ലോക്പാല്‍ അനുസരിച്ച് ലഭിക്കാവുന്ന കുറഞ്ഞശിക്ഷ ആറുമാസം തടവുമാത്രമാണ്.

ജോയന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ സര്‍ക്കാര്‍-ലോക്പാലിന്റെ പരിധിയില്‍ വരുന്നുള്ളു. അതേസമയം ഗ്രാമങ്ങളിലെ രജിസ്റ്റര്‍ ചെയ്യാത്ത കൂട്ടായ്മകള്‍ പോലും ലോക്പാലിന്റെ പരിധിയില്‍ വരും. തന്മൂലം പഞ്ചായത്തിലെയോ മറ്റോ അഴിമതി നിങ്ങളുള്‍പ്പെടുന്ന ഒരു പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരമോ മറ്റോ കണ്ടത്തുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളെ പ്രസ്തുത ലോക്പാല്‍ ഉപയോഗിച്ച് അലോസരപ്പെടുത്താം. അതേസമയം പഞ്ചായത്തിലെയും മറ്റും ഉദ്യോഗസ്ഥര്‍ ലോക്പാലിനു കീഴില്‍ വരാത്തതിനാല്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുകയുമില്ല.

സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിലെ പോരായ്മകള്‍

പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരില്ല.

അഴിമതി വിരുദ്ധ നിയമപ്രകാരം പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ അന്വേഷിക്കാവുന്നതാണ്. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ CBI യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടിവരും. എന്നാല്‍ CBI പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്നതി​നാല്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം സാധ്യമാകില്ല.

ജുഡീഷ്യറി ലോക്പാലിന്റെ പരിധിയില്‍ വരില്ല.

ന്യായാധിപന്മാരും ഈയിടെ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നല്ലോ. അതിനാല്‍ ജുഡീഷ്യറിയെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരികയോ, സര്‍ക്കാര്‍ മുന്നോട്ടുവച്ചതരത്തില്‍ ശക്തമായ ഒരു ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി ബില്‍ ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കുകയോ വേണം.

എം.പി.മാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ല.

പാര്‍ലമെന്റില്‍ വോട്ടുചെയ്യുന്നതിനും സംസാരിക്കുന്നതിനും എം.പി.മാര്‍ കോഴ വാങ്ങുന്നത് ജനാധിപത്യ സംവിധാന​ത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. എം.പി.മാരെ ലോക്പാലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് അവര്‍ക്ക് കോഴ വാങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിന് സമമാണ്.

കൃത്യനിര്‍വഹണത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കില്ല.

ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് പിഴപോലും ഈടാക്കുന്നില്ലെങ്കില്‍ സാധാരണക്കാരുടെ പരാതി പരിഹാരം കടലാ​സില്‍ ഒതുങ്ങും. മിക്കപ്പൊഴും കാര്യങ്ങള്‍ സമയത്തു ചെയ്തുതീര്‍ക്കാത്തത് കൈക്കൂലിക്ക് വേണ്ടിമാത്രമാണ്.

CBI സര്‍ക്കാരിന്റെ കീഴില്‍ തന്നെ തുടരും.

സര്‍ക്കാരുകള്‍ നിലവില്‍ CBI യെ ദുരുപയോഗം ചെയ്യുകയാണ്. വിവരാവകാശ നിയമത്തില്‍ നിന്നും പുറത്തു കൊണ്ടു​വന്നതിനാല്‍ CBI ഉദ്യോഗസ്ഥരിലെ അഴിമതി സാധ്യത വളരെ കൂടുതലാണ്. CBI സര്‍ക്കാരിന്റെ കീഴിലായിരിക്കു​ന്നിടത്തോളം അഴിമതി ആരോപിതമായിത്തന്നെ തുടരും.

ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള അപാകം.

സര്‍ക്കാരിന്റെ കരടനുസരിച്ച് ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ കമ്മറ്റിയിലെ ആകെ 10 പേരില്‍ ഭരണ പക്ഷത്തുനിന്നുള്ള 5 പേരടക്കം 6 രാഷ്ട്രീയക്കാരുണ്ടാകും. ആദ്യ ലിസ്റ്റ് തയ്യാറാക്കുന്നതിനായു​ള്ള സര്‍ച്ച് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതും സെലക്ഷന്‍ കമ്മറ്റിയായിരിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നവര്‍ മാത്രമായിരിക്കും ലോക്പാലിന്റെ അംഗങ്ങ​ളായുണ്ടാവുക.

പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ലോക്പാല്‍.

അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ നിയന്ത്രത്തിലായതിനാല്‍ ഇത് പൊതു ജനത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ലോക്പാല്‍ ആയിരിക്കും.

ലോക്പാലിന്റെ അംഗങ്ങള്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ സ്വതന്ത്ര അധികൃതര്‍ ഇല്ല.

മറിച്ച് ലോക്പാല്‍ തന്നെയാകും ഇത്തരം പരാതികള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണങ്ങള്‍ ഗുണം ചെയ്യില്ല. അതിനാല്‍ ലോക്പാലിനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും ഓരോ സംസ്ഥാനങ്ങളിലും അതോറിറ്റികള്‍ രൂപവത്കരിക്കണം.

കുറ്റാരോപിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം.

പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന മുഴുവന്‍ തെളിവുകളും കുറ്റാരോപിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പി​ച്ച ശേഷം മാത്രമേ FIR രേഖപ്പെടുത്തൂ. അന്വേഷണം പൂര്‍ത്തിയായാല്‍ വീണ്ടും മുഴുവന്‍ തെളിവുകളും കുറ്റാരോപിതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷമാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുക. തന്മൂലം സര്‍ക്കാരിന്റെ ലോക്പാല്‍ അനുസരിച്ച് അന്വേഷണം ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയല്ലാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷി​ക്കാന്‍ കഴിയില്ല. മാത്രവുമല്ല പരാതിക്കാരുടെ സുരക്ഷയും ഇവിടെ ചോദ്യം ചെയ്യപ്പെടും.

ലോക്പാലിന്റെ പരിധിയില്‍ ഗ്രൂപ്പ് എ. ഉദ്യോഗസ്ഥര്‍ മാത്രം.

ജോയന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ ലോക്പാലിന്റെ പരിധിയില്‍ വരുന്നുള്ളു. എന്നാല്‍ കുറ്റാരോപിതരാവുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായും അന്വേഷണം സാധ്യമായാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാന്‍ കഴിയൂ, സാധാരണക്കാരന് ഉപകാരപ്രദവുമാകൂ. കീഴുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ എന്ന നിലയില്‍ CBI യെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്താനുള്ള നീക്കമായേ ഈ നടപടിയെ കാണാന്‍ കഴിയൂ.

സംസ്ഥാനങ്ങളില്‍ ലോകായുക്ത ഇല്ല.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ നല്‍കാനോ അന്വേഷണത്തിനോ സാധിക്കില്ല.

പരാതിക്കാരുടെ സംരക്ഷണത്തെക്കുറിച്ച് പരാമര്‍ശമില്ല.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി എന്ന ഒറ്റക്കാരണം കൊണ്ടാണ് മലബാര്‍ സിമന്റ്സിലെ ശശീന്ദ്രനും അദ്ദേഹത്തി​ന്റെ ഒന്നുമറിയാത്ത പിഞ്ചോമനകളും ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂട. അഴിമതിക്കാര്‍ക്കെതിരായ പരാതിക്കാര്‍ക്കും ദൃക്സാക്ഷികള്‍ക്കും മതിയായ സംരക്ഷണം നല്‍കുന്നതാവണം നമ്മുടെ ലോക്പാല്‍.

ഹൈക്കോടതികളില്‍ അഴിമതി കേസുകളിലെ വിചാരണയ്ക്കായി സ്പെഷല്‍ ബെഞ്ച് ഇല്ല.

അഴിമതിക്കെതിരായ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഇന്നത്തെ നിലയ്ക്ക് 25 വര്‍ഷങ്ങളോളം എടുക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഹൈക്കോടതികളില്‍ അഴിമതി കേസുകളിലെ വിചാരണയ്ക്കായി സ്പെഷല്‍ ബെഞ്ച് അനുവദി​ക്കണം.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണമോ എന്നത് മന്ത്രിമാര്‍ തീരുമാനിക്കും.

ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നു തെളിഞ്ഞാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതോടൊപ്പം ആ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിടാനുള്ള അധികാരവും ലോക്പാലിനു നല്‍കണം.

അഴിമതിക്കാര്‍ക്ക് തക്കതായ ശിക്ഷ ഇല്ല.

10 വര്‍ഷം വരെ തടവ് പരമാവധി ശിക്ഷയായി നല്‍കണം. ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണം. വാണിജ്യ സംരംഭകരാണ് അഴിമതിക്കാരെങ്കില്‍ ഉയര്‍ന്ന ശിക്ഷ നല്‍കണം. ഒരിക്കല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട വാണിജ്യ സംരംഭകരെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തി പിന്നീട് ഉള്ള ഒരു കോണ്‍ട്രാക്ടും നല്‍കാതിരിക്കണം.
ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര ധനം വിനിയോഗിക്കാം എന്നത് ധനകാര്യ മന്ത്രാലയം തീരുമാനിക്കും.

ഇത് ലോക്പാലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പരാതികളുടെ ഘനം അനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരും മറ്റും ആവശ്യമായി വന്നേക്കും. ഇത്തരം ആവശ്യങ്ങള്‍ കൃത്യ സമയത്ത് തന്നെ നിറവേറ്റണമെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ലോക്പാലിന് തന്നെ തീരുമാനിക്കാന്‍ സാധിക്കണം.

അഴിമതിയിലൂടെ നഷ്ടം വരാതെ നോക്കാനുള്ള ഉത്തരവാദിത്തം ലോക്പാലിനില്ല.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കുന്നതിലുപരിയായി അഴിമതി ഇനി പുതുതായി ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും അത്യാവശ്യമാണ്. അഴിമതിയിലൂടെ നഷ്ടം വരാതെ നോക്കാനുള്ള ഉത്തരവാദിത്തം ലോക്പാലിനെ ഏല്‍പിക്കണം.

ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് അനുമതിയില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനുള്ള അധികാരം ലോക്പാലിന് നല്‍കണം.

ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിനിധികളില്ല.

11 അംഗങ്ങള്‍ ചേര്‍ന്ന് എല്ലാ ജോലികളും ചെയ്തുതീര്‍ക്കുക എന്നത് ഒരിക്കലും പ്രാവര്‍ത്തികമാകില്ല. ഉന്നത ഉദ്യോഗസ്ഥരോ നേതാക്കളോ ഉള്‍പ്പെടുന്നതോ, ഉന്നത പണമിടപാടുകളുടെയോ വിസ്താരങ്ങള്‍ ലോക്പാലിലെ അംഗങ്ങള്‍ നടത്തിയാല്‍ മതി. ബാക്കി വരുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രതിനിധികളെ നിയമിക്കണം.

എല്ലാവിധ എന്‍.ജി.ഓ. കളും ലോക്പാലിന്റെ പരിധിയില്‍ വരും.

ഗ്രാമങ്ങളിലെ രജിസ്റ്റര്‍ ചെയ്യാത്ത കൂട്ടായ്മകള്‍ പോലും സര്‍ക്കാര്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് ലോക്പാലിന് വന്‍ തുക സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാതിരിക്കുമ്പോഴും സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും കൈപ്പറ്റാത്ത ആഘോഷ കമ്മറ്റികളുടെയും മറ്റും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാം. തന്മൂലം കര്‍ഷക-തൊഴിലാളി സംഘടനകളുടെയും മറ്റ് പ്രസ്ഥാനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനങ്ങളിന്മേലുള്ള വിലങ്ങുതടി മാത്രമായിരിക്കും സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ലോക്പാല്‍.

കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിധേന തനിക്കെതിരായ പരാതി തെറ്റാണെന്ന് കോടതിയില്‍ സ്ഥാപിച്ചാല്‍ പരാതിക്കാരന് രണ്ടുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും.

അതേ സമയം ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തെന്നു തെളിഞ്ഞാല്‍ സര്‍ക്കാരിന്റെ ലോക്പാല്‍ അനുസരിച്ച് ലഭിക്കാവുന്ന കുറഞ്ഞശിക്ഷ ആറുമാസം തടവുമാത്രമാണ്. മാത്രവുമല്ല ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ചെലവില്‍ വക്കീലുണ്ടായിരിക്കും, കേസിന്റെ ചെലവുകള്‍ മുഴുവനും സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഈ നയം കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരായ പരാതിക്കാരെ ഉപദ്രവിക്കുന്നതിന് മാത്രമായി മാറുകയേ ഉള്ളൂ. അതുകൊണ്ട് പരാതികള്‍ തെറ്റാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട ചുമതല ലോക്പാലിന് നല്‍കണം. തെറ്റായ പരാതിയാണെങ്കില്‍ പരാതിക്കാരനില്‍ നിന്ന് പിഴ ഈടാക്കാം. തടവുശിക്ഷ നല്‍കേണ്ടതില്ല.

(ഇ മെയില്‍ വഴി ലഭിച്ചത്.   കണ്ണൂരില്‍ ജനലോക്പാലിനായി നടക്കുന്ന പരിപാടികളെ കുറിച്ച് SMS അറിയിപ്പുകള്‍ ലഭിക്കുന്നതിന് 9809414304 എന്ന നമ്പറിലേക്ക് JANLOKPAL എന്ന് SMS ചെയ്യുക.)

LEAVE A REPLY

Please enter your comment!
Please enter your name here