ചൊവ്വയില്‍ വെള്ളം ഒഴുകാറുണ്ട്

0
39
  • നാസ വെളിപ്പെടുത്തി

Mars Before

ന്യൂയോര്‍ക്ക്: ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാസയുടെ സ്ഥിതീകരണം. ഉപരിതലത്തിലെ ചൂട് വേനല്‍ക്കാലത്ത് കൂടുമ്പോള്‍ ചൊവ്വയുടെ ഭൂമധ്യരേഖാ പ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായാണ് കണ്ടെത്തല്‍.

നൂറുമീറ്റര്‍വരെ നീളത്തില്‍ നേര്‍ത്ത ഇരുണ്ടപാടുകളായാണ് നാസ പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണിതെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

തണുപ്പുകൂടുമ്പോള്‍ ഈ പാടുകള്‍ അപ്രത്യക്ഷമാകും. ലവണാംശമുള്ള ജലമായതിനാലാകാം ഇത്. ലവണാംശം വെള്ളത്തിന്റെ ദ്രവണാങ്കം കുറയാനിടയാക്കും. മണ്ണിനടിയിലെ ഐസ് ഉരുകിയോ ലവണാംശമുള്ള പാറകള്‍ക്കുള്ളില്‍നിന്നോ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ഘനീഭവിച്ചുണ്ടാകുന്നതോ ആകാം ഇതെന്നാണ് കരുതുന്നത് – നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന്റെ തലവന്‍ മൈക്കല്‍ മേയര്‍ പറഞ്ഞു.

ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം ജീവന്‍ കണ്ടെത്താനുള്ള സാധ്യതകൂടിയ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ നാസയും മറ്റ് ഏജന്‍സികളും മനുഷ്യരെ അയയ്ക്കുകയാണെങ്കില്‍ എവിടെ ഇറങ്ങണമെന്ന് തീരുമാനിക്കാനും ഇത് സഹായിക്കും. 1970കളില്‍ എടുത്ത ചിത്രങ്ങളില്‍ വരണ്ടുപോയ പുഴയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ചൊവ്വയുടെ വടക്കേ പകുതിയില്‍ പകുതിഭാഗവും മൂടിയനിലയില്‍ സമുദ്രം ഉണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നാസയുടെ മാര്‍സ് റികൊണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here